മദ്യം കഴിച്ചാല്‍ കൊറോണയെ തുരത്താം; മദ്യശാലകള്‍ തുറക്കണമെന്ന് എംഎല്‍എ

മദ്യം വൈറസിനെ തുരത്തുമെന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പ്രസ്താവന. മദ്യം കഴിക്കുന്നത് തൊണ്ടയില്‍ നിന്ന് കൊറോണ വൈറസിനെ ഇല്ലാതാക്കുമെന്നും അതിനാല്‍ മദ്യശാലകള്‍ തുറക്കണമെന്നും കോണ്‍ഗ്രസ്സ് എംഎല്‍എയുടെ ആവശ്യം. രാജസ്ഥാന്‍ നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനയച്ച കത്തില്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചത്. സര്‍ക്കാര്‍ വലിയ സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ വ്യാജമദ്യത്തിലൂടെ അനധികൃത കച്ചവടക്കാര്‍ ലാഭം കൊയ്യുകയാണെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. മദ്യം കഴിച്ചെന്ന കരുതി വൈറസ് ചാവില്ലെന്ന് ശാസ്ത്രലോകം ആവര്‍ത്തിച്ചാവര്‍ത്തിച്ച് പല തവണ വ്യക്തമാക്കിയിരിക്കെയാണ് ഇത്തരം അബദ്ധജഡിലമായ പ്രസ്താവനയുമായി ജനപ്രതിനിധികള്‍ രംഗത്തുവരുന്നത്.

‘ലോക്കഡൗണ്‍ സമയത്ത് പ്രചാരത്തിലുള്ള വ്യാജമദ്യം കാരണം ജനങ്ങളുടെ ആരോഗ്യം അപകടത്തിലായിരിക്കുകയാണ്. അതേ സമയം സര്‍ക്കാരിന് ധന നഷ്ടവുണ്ടാകുകയും ചെയ്യുന്നു. സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കാന്‍ സംസ്ഥാനത്തെ മദ്യവില്‍പനശാലകള്‍ വീണ്ടും തുറക്കുന്നതാണ് ബുദ്ധി’, ഭാരത് സിങ് ചൂണ്ടിക്കാട്ടി. ഇതേ കത്തിലാണ് മദ്യം കഴിച്ചാല്‍ തൊണ്ടയിലെ കൊറോണ വൈറസ് ചാവുമെന്ന നിഗമനവും എംഎല്‍എ നടത്തിയത്.

‘ആല്‍ക്കഹോള്‍ ഉപയോഗിച്ച് കൈകഴുകുമ്പോള്‍ കൊറോണ നശിക്കുമെന്നതു പോലെ, മദ്യം കഴിക്കുന്നതിലൂടെ തൊണ്ടയിലെ വൈറസിനെയും തുരത്താം. അതെന്തായാലും വ്യാജമദ്യം കഴിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും’, മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ഭാരത് സിങ് പറയുന്നു

ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ എക്‌സൈസ് തീരുവ 35 ശതമാനമായും ബിയര്‍ ഉള്‍പ്പെടെയുള്ളവയുടെ തീരുവ 45 ശതമാനമായും പ്രാബല്യത്തിലാക്കിയുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിനു തൊട്ടുപിന്നാലെയാണ് ഭാരത് സിങ്ങിന്റെ കത്ത് പുറത്തു വന്നത്.

pathram:
Leave a Comment