ബ്യൂട്ടിഷ്യന്റെ കൊലപാതകം; നേരത്തെ തയാറാക്കിയ തിരക്കഥ; ഭാര്യയെ വീട്ടിലാക്കിയ ശേഷം സുചിത്രയെ കൂട്ടി കൊണ്ടു പോയി

കൊല്ലം: ബ്യൂട്ടിഷ്യന്‍ ട്രെയിനറായിരുന്ന കൊല്ലം മുഖത്തല ശ്രീ വിഹാറില്‍ സുചിത്രാ പിള്ളയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകന്‍ പ്രശാന്തിനെ റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കൂടുതല്‍ തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ ഉടന്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സുചിത്രയുടെ മൃതദേഹം ബുധനാഴ്ച രാത്രി 11ന് മുഖത്തലയിലെ വീട്ടില്‍ കൊണ്ടു വന്നു സംസ്‌കരിച്ചു.

പ്രശാന്തിന്റെയും സുചിത്രയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. സുചിത്രയുടെ അക്കൗണ്ടില്‍ നിന്നു പ്രശാന്തിന്റെ അക്കൗണ്ടിലേക്കു പണം അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളും ഒരു കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. കൊലപാതകം നടത്താന്‍ ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. മാര്‍ച്ച് 17നാണ് സുചിത്ര കൊല്ലത്തു നിന്നു പാലക്കാട്ടേക്കു പോയത്. എന്നാല്‍ പാലക്കാട്ടേക്കാണു പോകുന്നതെന്ന കാര്യം സുചിത്ര വീട്ടുകാരില്‍ നിന്നും പാര്‍ലര്‍ ഉടമയില്‍ നിന്നും മറച്ചു വച്ചു.

കൊല്ലത്തു നിന്നു സുചിത്രയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രശാന്ത് പറഞ്ഞത്. എന്നാല്‍ അന്വേഷണ സംഘത്തോട് ആദ്യ ദിനങ്ങളില്‍ പ്രതി കള്ളമാണു പറഞ്ഞത്. സുചിത്രയ്ക്ക് മഹാരാഷ്ട്ര സ്വദേശിയായ ഒരു സുഹൃത്ത് ഉണ്ടായിരുന്നെന്നും ഇയാള്‍ക്കൊപ്പം പോയിക്കാണുമെന്നുമാണു പ്രതി ആദ്യം പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ സുചിത്രയ്ക്ക് ഇങ്ങിനെ ഒരു സുഹൃത്ത് ഇല്ലായെന്ന് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാളുടെ മൊഴിയില്‍ വൈരുധ്യം കണ്ടു തുടങ്ങിയതോടെയാണു പ്രതിയുടെ വാടക വീടു കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.

നേരത്തെ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു ഇതെന്നും പൊലീസിന് സംശയമുണ്ട്. മാര്‍ച്ച് മാസത്തില്‍ പ്രശാന്ത് പാലക്കാട്ടെ വീട്ടില്‍ നിന്നു ഭാര്യയെ കൊല്ലത്തെ വീട്ടില്‍ കൊണ്ടാക്കിയിരുന്നു. പാലക്കാട്ടെ വീട്ടില്‍ ഉണ്ടായിരുന്ന മാതാപിതാക്കളെ കുടുംബ വീട്ടിലേക്കും പറഞ്ഞു വിട്ടു.

ഇതിനു ശേഷമാണ് സുചിത്രയെ പാലക്കാട്ടെ വീട്ടിലേക്കു കൊണ്ടുവന്നു കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം മൃതദേഹത്തിന്റെ കാലുകള്‍ അറുത്ത് മാറ്റി. പിന്നീടു സമീപത്തെ ചതുപ്പു നിലത്തില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് കൊലപ്പെടുത്തിയത്. വീട്ടിനുള്ളില്‍ ചുവരുകള്‍ ഉണ്ടായിരുന്ന രക്തക്കറ മായ്ക്കാന്‍ പെയിന്റ് അടിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment