25 പൊലീസ് കുതിരകൾക്കു തീറ്റയ്ക്കായി 57 ലക്ഷം രൂപ; ക്രമക്കേടുകൾ പുറത്ത്

തിരുവനന്തപുരം: കേരള പൊലീസിന്റെ കുതിരകൾക്കു തീറ്റ വാങ്ങിയതിൽ കൂടുതൽ ക്രമക്കേടുകൾ പുറത്ത്. സർക്കാർ അനുമതിയില്ലാതെ 56.88 ലക്ഷം രൂപ മുടക്കി 25 പൊലീസ് കുതിരകൾക്കു തീറ്റ വാങ്ങിയത് ലൈസൻസ് ഇല്ലാത്ത സ്ഥാപനത്തിൽനിന്ന്. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലെ മിനിസ്റ്റീരിയിൽ ജീവനക്കാരന്റെ അടുത്ത ബന്ധുവിന്റേതാണ് സ്ഥാപനമെന്നു നേരത്തെ ആരോപണം ഉയർന്നിരുന്നു.

2018 നു ശേഷം ഈ സ്ഥാപനം ലൈസൻസ് പുതുക്കിയിട്ടില്ലെന്ന വിവരം സ്പെഷൽ ബ്രാഞ്ചിനു ലഭിച്ചു. വിലയിൽ കൃത്രിമം കാണിച്ചാണ് തീറ്റ വാങ്ങുന്നതെന്നു സേനയ്ക്കുള്ളിൽ ആരോപണം ഉണ്ട്. കുതിരകൾക്ക് തീറ്റയ്ക്കായി വർഷത്തിൽ 40 ലക്ഷം രൂപയിൽ താഴെ മാത്രമേ ചെലവുവരൂ എന്നും ബാക്കിയുള്ള ലക്ഷങ്ങൾ ഉദ്യോഗസ്ഥർ തട്ടിയെടുക്കുകയാണെന്നും അശ്വാരൂഢ സേനയിലെ ഒരു വിഭാഗം ജീവനക്കാർ‌ ആരോപിക്കുന്നു.

നഗരത്തിലെ അശ്വാരൂഢ സേനയിലെ 25 കുതിരകൾക്കു 2019 – 20 വർഷത്തേക്കു നെയ്യാറ്റിൻകര പ്ലാമൂട്ടുക്കടയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്നു തീറ്റ വാങ്ങിയതാണു വിവാദമായത്. സർക്കാർ അനുമതിയില്ലാതെ തീറ്റ വാങ്ങരുതെന്ന് ആഭ്യന്തരവകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മിഷണർക്കും താക്കീത് നൽകിയിരുന്നു. സർക്കാർ അനുമതിയില്ലാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികൾ മേലിൽ ആവർത്തിക്കരുതെന്നും വീഴ്ച വരുത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്നു പണം ഈടാക്കുമെന്നും ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ മുന്നറിയിപ്പു നൽകി.

സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെ സിറ്റി പൊലീസ് കമ്മിഷണർ നൽകിയ കരാർ സാധൂകരിക്കണമെന്നാവശ്യപ്പെട്ടു ഡിജിപി ലോക്നാഥ് ബെഹ്റ സർക്കാരിനു കത്തു നൽകിയിരുന്നു. അതു സാധൂകരിച്ചുള്ള ഉത്തരവിലാണ് മേലിൽ ആവർത്തിക്കരുതെന്ന മുന്നറിയിപ്പ്. കുതിരകൾക്ക് തീറ്റ വാങ്ങുന്നതിലെ ടെൻഡർ നടപടികളിലും ക്രമക്കേട് നടക്കുന്നതായി ആക്ഷേപമുണ്ട്. ടെൻഡർ വിളിക്കുമെങ്കിലും ഈ ടെൻഡർ പുറത്താരും അറിയില്ല. വേണ്ടപ്പെട്ട മൂന്നോ നാലോ പേർ സ്ഥിരമായി പങ്കെടുക്കും. അമിതമായ നിരക്കു രേഖപ്പെടുത്തിയ ശേഷം അതിൽ ഏറ്റവും കുറഞ്ഞ നിരക്കു കാണിച്ച വ്യക്തിക്കു കരാർ കൊടുക്കും.

pathram desk 2:
Leave a Comment