കൊറോണയെ കീഴടക്കിയ ന്യൂസിലന്‍ഡിനെ മാതൃകയാക്കാം

കൊറോണ വൈറസ് വ്യാപനം എങ്ങിനെ തടയുമെന്ന് ഉത്തരം കിട്ടാതിരിക്കുകയാണ് പ്രമുഖ ലോകരാജ്യങ്ങള്‍ പലതും. ഇത് എന്നവസാനിക്കും എന്നാലോചിച്ച് അനേകം രാജ്യങ്ങളില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയുന്നു. ഇതിനിടെ കൊറോണാ വൈറസിനെ അതിജീവിച്ച് നിത്യ ജീവിതത്തിലേക്ക് ന്യൂസിലന്റ് മടങ്ങുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളുടെ എണ്ണം ഒറ്റയക്കത്തിലേക്ക് എത്തിയതോടെ ന്യൂസിലന്റില്‍ ലോക്ക് ഡൗണ്‍ ലെവല്‍ ഫോറില്‍ നിന്നും ലെവല്‍ ത്രീയിലേക്ക് മാറ്റി. അമ്പതു ലക്ഷം പേരുള്ള ന്യൂസിലന്റില്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 1,500 ആയിരുന്നു. 19 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ ആഴ്ച തന്നെ രാജ്യത്തെ അത്യാവശ്യ വസ്തുക്കളുടേതല്ലാത്ത സ്ഥാപനങ്ങളും തുറക്കും. കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിലേക്ക് എത്തിയെങ്കിലും ഒറ്റയ്ക്കും പെട്ടയ്ക്കുമായി അവടവിടെ കേസുകള്‍ വീണ്ടും ഉണ്ടാകുന്നുണ്ട്. അതിനര്‍ത്ഥം പരാജയം എന്നല്ലെന്നും അത്തരം കേസുകളെ കൂടി നിയന്ത്രിക്കാന്‍ അക്രമാസക്തമായ സമീപനം തന്നെ വേണമെന്നും എങ്കിലേ ഈ നമ്പറുകള്‍ ഇനിയും താഴ്ത്തിക്കൊണ്ടു വരാന്‍ കഴിയുമെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്താ ആര്‍ഡേണ്‍ പറയുന്നു.

ഒരു മാസമായി ജനങ്ങള്‍ വീടിനുള്ളില്‍ അടച്ചു പൂട്ടിയിരിക്കുന്ന ഇന്ത്യയില്‍ കേസുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൂടി ഇപ്പോള്‍ 31,000 കേസുകള്‍ വരെയായി. മരണം 1000 കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ന്യൂസിലന്റ് കൊറോണ വൈറസിനെ ഫലപ്രദമായി തടഞ്ഞിരിക്കുന്നത്.

കുറേ ദിവസങ്ങളായി ന്യുസിലന്റില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണം വളരെ കുറവാണ്. ഞായറാഴ്ച ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ജസീന്താ ആര്‍ഡേണ്‍ പറയുന്നു. അതേസമയം ഇത് കോവിഡിനെ രാജ്യത്ത് നിന്നും പൂര്‍ണ്ണമായും തുരത്താനായി എന്നര്‍ത്ഥമില്ലെന്നും പറയുന്നു. ചൊവ്വാഴ്ച മുതല്‍ എല്ലാ ബിസിനസ് ആരോഗ്യ വിഭാഗം രംഗത്തെ സ്ഥാപനങ്ങള്‍ തുറക്കുമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടന്‍ തന്നെ പ്രവര്‍ത്തനം തുടങ്ങണമെന്നുമായിരുന്നു ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നത്.

ജനങ്ങളുടെ മികച്ച രീതിയിലുള്ള പ്രതികരണമാണ് ന്യൂസിലന്റിനെ കോവിഡ് നിയന്ത്രണത്തിലേക്ക് നയിച്ചത്. ഇപ്പോഴും ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാനും സാമൂഹ്യ ഇടപെടലുകള്‍ ഒഴിവാക്കാനും നിര്‍ദേശിച്ചിരിക്കുകയാണ്. മഹാമാരി രാജ്യത്ത് തുടക്കമിട്ടപ്പോള്‍ തന്നെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കി. കേസുകളുടെ എണ്ണം ഏതാനും ഡസനില്‍ എത്തിയപ്പോള്‍ തന്നെ യാത്രാ നിരോധനം ഉള്‍പ്പെടെയുള്ളവ പ്രഖ്യാപിച്ചു.

അതിര്‍ത്തികള്‍ അടകയ്ക്കുകയും രാജ്യത്ത് വന്നിറങ്ങിയവരെയെല്ലാം അപ്പോള്‍ തന്നെ ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്തു. ഇതിനൊപ്പം ലോക്ക് ഡൗണും പരിശോധനകള്‍ വ്യാപിപ്പിക്കുകയും മികച്ച രീതിയില്‍ സമ്പര്‍ക്ക ട്രാക്കിംഗ് നടത്തുകയും ചെയ്താണ് ന്യൂസിലന്റ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും പുറമേ ബാറുകളും റസ്‌റ്റോറന്റുകളും ബീച്ചുകളും ജലായങ്ങളും കളിസ്ഥലങ്ങളുമെല്ലാം മാര്‍ച്ച് 26 ന് അടച്ചു. ഉള്‍നാടന്‍ പ്രദേശങ്ങളും അതിര്‍ത്തികളും വൈറസ് പടരും മുമ്പ് അടച്ചു. സ്ഥിതി നിയന്ത്രണവിധേയം ആണെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണങ്ങളും സാമൂഹ്യ അകലം പാലിക്കലും തുടരാന്‍ നിര്‍ദേശമുണ്ട്. കൂട്ടുകാരും കുടുംബാംഗങ്ങളുമായുള്ള കൂട്ടം ചേരലില്‍ അധികം ആളുകള്‍ പാടില്ല. എല്ലാവരും ആറടി അകലം പാലിക്കണമെന്നും പറയുന്നു.

pathram:
Related Post
Leave a Comment