ലോക്ഡൗണ്‍; തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി : കോവിഡ് ഹോട്‌സ്‌പോട്ടുകളും നിയന്ത്രിത മേഖലകളും ഒഴികെ രാജ്യത്തെ മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മേയ് മൂന്നു വരെ നീട്ടിയ ലോക്ഡൗണ്‍ കാലയളവിലാണ് ചില ഇളവുകള്‍ കൂടി വെള്ളിയാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ അനുവദിച്ചത്.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പം മറ്റു കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ മാളുകള്‍, സിനിമാശാലകള്‍, ചന്തകള്‍ തുടങ്ങിയവയ്ക്കു പ്രവര്‍ത്തനാനുമതിയില്ല. മദ്യവില്‍പ്പന ഒരു കാരണവശാലും അനുവദിക്കാന്‍ ആവില്ലെന്നും കേന്ദ്രആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടുതല്‍ കടകള്‍ തുറക്കുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച രാത്രി വൈകി പുറപ്പെടുവിച്ച ഉത്തരവിനു വിശദീകരണമായി രാവിലെ പ്രത്യേകം ഇറക്കിയ പുതിയ ഉത്തരവിലാണ് മദ്യശാലകളുടെ കാര്യം എടുത്തു പറഞ്ഞത്.

പൊതുഗതാഗത സംവിധാനങ്ങള്‍ക്കും ഇളവു ബാധകമല്ല. ഒരു മാസത്തിലേറെയായി അടച്ചിട്ട വ്യാപാരസ്ഥാപന ഉടമകള്‍ക്കും തൊഴിലാളികള്‍ക്കുമാണ് ഈ ഇളവ് ഏറെ സന്തോഷം പകരുക. എന്നാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഇല്ലാത്തത് പല വ്യാപാരസ്ഥാപനങ്ങളുടെയും സുഗമമായ നടത്തിപ്പിനെ ബാധിച്ചേക്കും.

ഇ–കോമേഴ്‌സ് കമ്പനികള്‍ക്ക് അവശ്യവസ്തുക്കളുടെ വില്‍പനയ്ക്കു മാത്രമാണ് അനുമതിയെന്ന് ഉത്തരവില്‍ എടുത്തുപറയുന്നു. ഇത്തരത്തില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുഖാവരണം, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമാണ്. അകലം പാലിക്കല്‍ സംബന്ധിച്ച് നല്‍കിയ നിബന്ധനകളും ഇവര്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു.

ഇളവുകള്‍ നടപ്പാക്കുന്നതു സംബന്ധിച്ചു സംസ്ഥാന സര്‍ക്കാരുകള്‍ക്കു തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച ഇളവ് അനുവദിക്കണമോ എന്നതില്‍ രണ്ടു ദിവസത്തിനകം മാത്രമേ തീരുമാനമെടുക്കൂവെന്ന് ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

ശനിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍:

മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി എന്നിവയ്ക്കു പുറത്ത് അതാത് സംസ്ഥാനത്തെയോ കേന്ദ്ര ഭരണപ്രദേശത്തെയോ ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന കടകള്‍, ഇതില്‍ ഭവന സമുച്ചയങ്ങള്‍ക്കും വാണിജ്യ സമുച്ചയങ്ങള്‍ക്കും ഉള്ളിലുള്ള ഷോപ്പുകളും ഉള്‍പ്പെടും.

ഭവന മേഖലകളിലും മറ്റും പ്രവര്‍ത്തിക്കുന്ന വ്യാപാരശാലകള്‍.

ഗ്രാമീണ മേഖലകളില്‍ റജിസ്‌ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന എല്ലാ കടകളും വിപണികളും. എന്നാല്‍ ഷോപ്പിങ് മാളുകളിലെ കടകള്‍ ഗ്രാമീണ മേഖലയിലും പ്രവര്‍ത്തിക്കരുത്.

നഗരങ്ങളില്‍ പ്രത്യേകം നിലകൊള്ളുന്ന കടകളും ഭവനമേഖലകളിലെ കടകളും. ചന്തകള്‍ ഷോപ്പിങ് മാളുകള്‍ എന്നിവിടങ്ങളിലെ കടകള്‍ക്ക് നഗരങ്ങളില്‍ തുറക്കാന്‍ അനുമതിയില്ല.

സലൂണുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കാം, എന്നാല്‍ വാണിജ്യസമുച്ചയങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവയ്ക്ക് അനുമതിയില്ല.

ഭവന സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ക്കടകള്‍ തുറക്കാം.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുറത്തു പ്രവര്‍ത്തിക്കുന്ന റജിട്രേഷനുള്ള ചന്തകളിലെ കടകള്‍ 50 % ജീവനക്കാരുമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

നഗരമേഖലകളില്‍ ഭവന മേഖലകളിലോ, പ്രത്യേകം നിലകൊള്ളുന്നതോ ആയ കടകള്‍ മാത്രമേ അവശ്യവസ്തുക്കളും സേവനങ്ങളും ഒഴികെയുള്ളവയ്ക്കായി തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ.

മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പുറത്തുള്ള വാണിജ്യ സമുച്ചയങ്ങള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി.

അടഞ്ഞു കിടക്കുന്നവ:

മാളുകള്‍, സിനിമാ ശാലകള്‍

മുംബൈയിലെ ബികെസി, ഡല്‍ഹിയിലെ ഖാന!് മാര്‍ക്കറ്റ്, നെഹ്‌റു പ്ലേസ് തുടങ്ങിയ ഇടങ്ങള്‍ പോലെ ഇടതിങ്ങി നിലകൊളളുന്ന കടകളും വ്യാപാരസ്ഥാപനങ്ങളും.

മുനിസിപ്പാലിറ്റികള്‍ക്കും മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കും പുറത്തു പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍.

ഷോപ്പിങ് കോംപ്ലക്‌സുകള്‍, വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ളിലെ ഷോപ്പുകള്‍, മള്‍ട്ടി–ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍.

ജിംനേഷ്യങ്ങള്‍, കായിക സമുച്ചയങ്ങള്‍, നീന്തല്‍ കുളങ്ങള്‍, തിയറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍.

മദ്യശാലകള്‍

മാളുകളിലെ ബ്യൂട്ടിക്കുകള്‍

ജ്വല്ലറികള്‍

pathram:
Related Post
Leave a Comment