മേയ് 3 ന് ശേഷം ലോക്ക്ഡൗണ്‍ മാറുക ഇങ്ങനെയായിരിക്കും…

രാജ്യത്ത് മേയ് 3 ന് ശേഷം പ്രാദേശിക ലോക്ക് ഡൗണെന്ന് സൂചന. രോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ മാത്രം പ്രാദേശിക ലോക്ക്ഡൗണ്‍ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. എത്രനാള്‍ വരെയാണ് ലോക്ക്ഡൗണ്‍ എന്ന സമയപരിധി നിശ്ചയിക്കുക ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളുമാണ്.

അന്തര്‍ജില്ലാ പൊതുഗതാഗതം മേയ് 3ന് തുടങ്ങില്ല. മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് പ്രദേശിക ലോക്ക്ഡൗണ്‍ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക.

അതേസമയം, നിലവിലെ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. വ്യാപാരസ്ഥാപനങ്ങള്‍ക്കുള്ള ഇളവുകള്‍ ആഭ്യന്തരമന്ത്രാലയം പുതുക്കി . നഗരപരിധിക്ക് പുറത്തുള്ള എല്ലാ കടകളും തുറക്കാന്‍ അനുമതി നല്‍കി. ഷോപ്പിംഗ് മാളുകള്‍ക്കും, വന്‍കിട സ്ഥാപനങ്ങള്‍ക്കും ഇളവ് ബാധകമല്ല. 50% ജീവനക്കാരെ മാത്രമേ സ്ഥാപനത്തില്‍ ജോലിക്കായി വരുത്താന്‍ പാടുള്ളു.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 775 ആയി. 57 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24,500 ആയി. സ്ഥിതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ മേയ് 16 വരെ നീട്ടാന്‍ ധാരണയായിട്ടുണ്ട്. ഡല്‍ഹിയില്‍ ഇന്നലെ 138 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2514 ഉം മരണം 53 ഉം ആയി.

ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 191 പോസിറ്റീവ് കേസുകളും 15 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2815 ആണ്. 17 പേര്‍ മരിച്ചിട്ടുണ്ട്. അഹമ്മദാബാദില്‍ മാത്രം 169 പോസിറ്റീവ് കേസുകളും 14 മരണവും റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് കാണുന്നത്. മുംബൈയില്‍ ഇന്നലെ 357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 11 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ പ്രദേശത്തെ ആകെ രോഗബാധിതരുടെ എണ്ണം 4589 ആയി. മരണസംഖ്യ 179 ആയി.

pathram:
Leave a Comment