സംസ്ഥാനത്ത് 11 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട് രണ്ട്, കോട്ടയം, മലപ്പുറം ഒന്ന് വീതം എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ഒരാള്‍ മാത്രമാണ് രോഗമുക്തി നേടിയത്. ഒരിടവേളയ്ക്കു ശേഷമാണ് കോട്ടയത്ത് വീണ്ടും രോഗ ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട്ട് രണ്ട് ഹൗസ് സര്‍ജന്മാര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗ ബാധ ഉണ്ടായത്. അഞ്ച് പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. നിലവില്‍ സംസ്ഥാനത്ത് 29,150 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 28,804 പേര്‍ വീടുകളിലും 346 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതുവരെ 20821 സാമ്പിളുകള്‍ പരിശോധിച്ചു. 19998 സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള കണ്ണൂരില്‍ നിയന്ത്രണം കര്‍ശനമാക്കി. പോലീസ് പരിശോധന ശക്തമാക്കുകയും ചെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ട്‌സ്‌പോട്ടായ തദ്ദേശസ്ഥാപനങ്ങള്‍ സീല്‍ ചെയ്തു. ഇന്ന് മായ്രം 347 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയതിന് 437 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍ ജില്ലയില്‍ തീവ്രത കണക്കിലെടുത്ത് എല്ലാവരും പരമാവധി വീടുകളില്‍ കഴിയണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കുന്ന രീതി ജില്ല മുഴുവന്‍ വ്യാപിപിക്കുമെന്നും അദേഹം വ്യക്തമാക്കി.

pathram:
Related Post
Leave a Comment