വാഷിങ്ടന്‍: ആഭ്യന്തര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്താനുള്ള സാധ്യത പരിഗണിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എക്‌സിക്യൂട്ടീവ് അതോറിറ്റിയുടെ കീഴിലുള്ള ഇറക്കുമതി തടയാന്‍ റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ ആവശ്യപ്പെട്ടതിനെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാരാളം എണ്ണയുണ്ടെന്നും അതിനാല്‍ ഇക്കാര്യം പരിശോധിക്കാമെന്നും ട്രംപ് പ്രതികരിച്ചു.
അതേസമയം, യുഎസ് ക്രൂഡ് ഓയില്‍ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. ഡബ്ല്യുടിഐ ക്രൂഡിന്റെ മേയിലെ ഫ്യൂച്ചേഴ്‌സ് വില പൂജ്യത്തിനും താഴെ –-37.63 ഡോളറായി. എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറഞ്ഞതും കോവിഡ് വൈറസ് മൂലം ആവശ്യകത കുറഞ്ഞതുമാണ് വില ഇടിയാന്‍ കാരണം. വിലയിലുണ്ടായ ഇടിവ് ഒരു കാലത്ത് കുതിച്ചുയര്‍ന്ന യുഎസ് എണ്ണ വ്യവസായത്തെ പാപ്പരത്തത്തിലേക്ക് നയിക്കുമെന്ന ഭീഷണിയുയര്‍ത്തുന്നു.
എന്നാല്‍ വിലയിടിവ് താല്‍ക്കാലികമാണെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തിന്റെ അടിയന്തര അസംസ്‌കൃത എണ്ണ ശേഖരം ഉയര്‍ത്താനാണ് തന്റെ ഭരണകൂടം പദ്ധതിയിടുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Leave a Comment