കണ്ണൂരില്‍ ജനം റോഡില്‍; വാഹനങ്ങളുടെ നീണ്ട നിര; അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍: കേരളത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കണ്ണൂര്‍ ജില്ലയില്‍ ആണ്. എന്നാല്‍ പൂര്‍ണമായി അടച്ചിട്ട കണ്ണൂരില്‍ ലോക്ഡൗണ്‍ ലംഘിച്ച് ജനം റോഡില്‍ ഇറങ്ങിയെന്ന വാര്‍ത്തയാണ് ഇന്ന് നമുക്ക് കേള്‍ക്കാന്‍ കഴിയുന്നത്. ചൊവ്വാഴ്ച രാവിലെ റോഡുകളില്‍ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പിന്നീട് ചെക്‌പോയിന്റുകളുടെ എണ്ണം കുറച്ചതോടെ ഗതാഗതക്കുരുക്ക് മാറി. ഇനി പുറത്തിറങ്ങിയാല്‍ അറസ്റ്റു ചെയ്യുമെന്നും വാഹനം പിടിച്ചെടുക്കുമെന്നും ഐജി മുന്നറിയിപ്പ് നല്‍കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്നത് അടുത്തഘട്ടത്തിലെന്നും ഐജി പറഞ്ഞു.

നിലവില്‍ കേരളത്തില്‍ ഏറ്റവുമധികം കോവിഡ് രോഗികള്‍ ഉള്ള ജില്ലയാണ് കണ്ണൂര്‍. ഇതോടെ പൊലീസും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങള്‍ ശക്തമാക്കി. ലോക്ഡൗണ്‍ അവസാനിക്കും വരെ കര്‍ശന പരിശോധനകളുണ്ടാകും. നിലവില്‍ 52 പേരാണ് കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഏറെ ആശങ്കയുയര്‍ത്തിയ കാസര്‍കോടിനേക്കാള്‍ ഇരട്ടിയിലധികമാണ് ഇപ്പോള്‍ കണ്ണൂരില്‍ രോഗബാധിതര്‍.

ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. കാസര്‍കോടിന്റെ പ്രത്യേക ചുമതലയുള്ള ഐജി വിജയ് സാഖറെയുടേയും ഉത്തരമേഖല ഐജി അശോക് യാദവിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് ആസ്ഥാനത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഉത്തരമേഖല ഐജിയുടെ മേല്‍നോട്ടത്തിലാകും ജില്ലയില്‍ പൊലീസിന്റെ നടപടികള്‍. ഗ്രാമപ്രദേശങ്ങളിലടക്കം പരിശോധനകള്‍ ശക്തമാക്കും.

pathram:
Leave a Comment