കോവിഡ് രോഗമുക്തി നേടി തൃശൂരും; അഭിമാനത്തോടെ പ്രതിരോധ പ്രവര്‍ത്തകര്‍…

കൊവിഡ് 19 സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗി രോഗമുക്തി നേടി. തുടര്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായ ഇയാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും. ഇതോടെ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ ഇല്ലാതായി.

രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് ബാധ കണ്ടെത്തിയത് തൃശൂരിലായിരുന്നു. ജനുവരി 30 നാണ് ചൈനയിലെ വുഹാനില്‍ നിന്നെത്തിയ പെണ്‍കുട്ടിക്ക് രോഗം സ്ഥിരീകരിക്കുന്നത്. അന്നുമുതല്‍ ഇന്ന് വരെ 13 കൊവിഡ് പോസിറ്റീവ് കേസുകളാണ് തൃശൂര്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 12 പേര് രോഗം ഭേദമായി നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു. അവശേഷിച്ച ഒരാളുടെ തുടര്‍പരിശോധനാ ഫലങ്ങള്‍ കൂടി ഇന്ന് നെഗറ്റീവ് ആയി.

ചാലക്കുടി സ്വദേശിയാണ് രോഗമുക്തി നേടി ആശുപത്രി വിടാന്‍ ഒരുങ്ങുന്നത്. ഒരു ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചും കൂടുതല്‍ ഐസൊലേഷന്‍ മുറികള്‍ സജ്ജീകരിച്ചും ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കനത്ത ജാഗ്രതയായിരുന്നു ജില്ലയില്‍ പുലര്‍ത്തിയിരുന്നത്. ലോക്ക്ഡൗണ് പശ്ചാത്തലത്തില്‍ ജാഗ്രത ഇപ്പോഴും തുടരുകയാണ്.

അതേസമയം കോവിഡ് പ്രതിരോധത്തെ തുടര്‍ന്ന് ലോക്ക്ഡൗണുകളില്‍ ഇളവ് പ്രഖ്യാപിക്കുന്ന ആദ്യ ജില്ലയായി കോട്ടയം മാറി. കോട്ടയം ജില്ലയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം ഇളവ് ചെയ്യുന്നതിന്റെ ഭാഗമായി 21 മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കും. റെഡ് സോണില്‍ നിന്നുള്ള ജീവനക്കാര്‍ ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തിലാകാന്‍ നിര്‍ദേശം. ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനും മന്ത്രി പി തിലോത്തമന്‍ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായി.

പൂര്‍ണ രോഗ വിമുക്തി നേടി മൂന്നാഴ്ച പിന്നിട്ടതോടെയാണ് കോട്ടയം ജില്ലയ്ക്ക് നിയന്ത്രണ ഇളവുകള്‍ നടപ്പാക്കുന്നത്. ഓട്ടോയും ടാക്‌സികളും ഡ്രൈവറെ കൂടാതെ രണ്ട് യാത്രക്കാരെ മാത്രം കയറ്റി സര്‍വീസ് നടത്താന്‍ അനുവദിക്കും.

എന്നാല്‍, സഞ്ചാരം ജില്ലയില്‍ പരിമിതപ്പെടുത്തണം. രാവിലെ ഏഴ് മുതല്‍ വൈകിട്ട് 7 വരെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും. തുണിക്കടകള്‍ക്ക് 9 മണി മുതല്‍ 6 വരെയും, ജ്വല്ലറികള്‍ക്ക് 9 മുതല്‍ 5 വരെയുമാണ് പ്രവര്‍ത്തനാനുമതി. സര്‍ക്കാര്‍ ഓഫീസുകള്‍ 21 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കും. റെഡ് സോണില്‍ നിന്നുള്ള ജീവനക്കാര്‍ ഉടന്‍ ജില്ലയില്‍ തിരികെയെത്തി നിരീക്ഷണത്തിലാകണം

പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവര്‍ത്തനം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും. പൊതുപരിപാടികളില്‍ നിയന്ത്രണങ്ങള്‍ തുടരും. ആരാധനാലയങ്ങളുടെ കാര്യത്തില്‍ നിലവിലെ സ്ഥിതി തുടരും. മരണ – വിവാഹ ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതി. ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും മന്ത്രി പി തിലോത്തമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നു വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണു സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 2 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍കോട് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാംപിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്.

pathram:
Leave a Comment