നിത്യേനയുള്ള മുഖ്യമന്ത്രിയുടെ പത്രസമ്മേളനം നിര്‍ത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഘട്ടംമുതല്‍ മുഖ്യമന്ത്രി നടത്തിയിരുന്ന പതിവു പത്രസമ്മേളനം വ്യാഴാഴ്ചയോടെ നിര്‍ത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലംകണ്ടതിന്റെയും രോഗബാധയുള്ളവരെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതിന്റെയും സന്തോഷം പങ്കിട്ടാണ് അവസാന പത്രസമ്മേളനം മുഖ്യമന്ത്രി അവസാനിപ്പിച്ചത്. അതേസമയം, പ്രതിപക്ഷ ആരോപണം ശക്തമാകുകയും സര്‍ക്കാര്‍ നടപടി വിവാദത്തിലാകുകയും ചെയ്ത ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം.

കോവിഡ് സംബന്ധിച്ച വിവരങ്ങള്‍ ഒറ്റ കേന്ദ്രത്തില്‍നിന്നു പുറത്തുവന്നാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എല്ലാ ദിവസവും അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനം തുടങ്ങിയത്.

ചെറിയ വിവാദത്തില്‍ തുടങ്ങുകയും വലിയ വിവാദത്തില്‍ ഒടുങ്ങുകയും ചെയ്തുവെന്നതാണ് പത്രസമ്മേളനത്തിന്റെ ഒറ്റവരി വിലയിരുത്തല്‍. ആരോഗ്യമന്ത്രിയായിരുന്നു ആദ്യം രോഗവിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നത്. സര്‍ക്കാരിനെതിരേ പ്രതിപക്ഷ ആക്രമണം കടുത്തപ്പോള്‍ ആരോഗ്യമന്ത്രിക്ക് ‘മീഡിയ മാനിയ’ ആണെന്ന കടുത്ത പ്രയോഗം പ്രതിപക്ഷനേതാവ് നടത്തി. ഇത് വലിയ വിമര്‍ശനത്തിനു വഴിവെച്ചു. തുടര്‍ന്നാണ് പത്രസമ്മേളനം മുഖ്യമന്ത്രി ഏറ്റെടുത്തത്.

സര്‍ക്കാരിന്റെ ഇടപെടല്‍ കാര്യക്ഷമമാകുന്നുണ്ടെന്ന് എതിരാളികള്‍ക്കുപോലും മതിപ്പുണ്ടാക്കിയതായിരുന്നു മുഖ്യമന്ത്രിയുടെ പതിവ് വാക്കുകള്‍. എന്നാല്‍, വ്യക്തികളുടെ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്കു കൈമാറുന്നുവെന്ന പ്രതിപക്ഷ ആരോപണത്തില്‍ സര്‍ക്കാര്‍ പ്രതിച്ഛായ ഇടിച്ചുനിന്നു. പ്രതിപക്ഷനേതാവിന് എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി മറുപടി നല്‍കിയെങ്കിലും, പതിവ് പത്രസമ്മേളനം വിവാദ വിഷയങ്ങളിലേക്കു വഴിമാറുന്നതിന്റെ അപകടവും ഇതോടെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. ഇതും പത്രസമ്മേളനം അവസാനിപ്പിക്കാന്‍ കാരണമായെന്നാണു സൂചന.

pathram:
Related Post
Leave a Comment