സ്പ്രിന്‍ക്ലര്‍ കരാര്‍: സര്‍ക്കാരിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി ചെന്നത്തല

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സ്പ്രിന്‍ക്ലര്‍ കമ്പനിക്കു കൈമാറിയതിനു പിന്നില്‍ വലിയ അഴിമതിയുണ്ടെന്നും സര്‍ക്കാര്‍ അന്വേഷണം നടത്താന്‍ തയാറാകണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പത്രസമ്മേളനത്തില്‍ എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന മുഖ്യമന്ത്രി ഈ കരാറിനെക്കുറിച്ച് മറച്ചുവച്ചു. പ്രതിപക്ഷം ആരോപണം ഉന്നയിച്ചതിനുശേഷമാണ് സ്പ്രിന്‍ക്ലര്‍ കമ്പനി ഏപ്രില്‍ 11, 12 തീയതികളില്‍ ഐടി സെക്രട്ടറിക്ക് സുരക്ഷ സംബന്ധിച്ച വിശദീകരണം കൊടുത്തത്. എന്തു കൊണ്ട് അതിനു മുന്‍പ് വിശദീകരണം കൊടുത്തില്ലെന്ന് ചെന്നിത്തല ചോദിച്ചു.

കരാറിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കരാര്‍ ഒപ്പിടുന്നത് മന്ത്രിസഭ അറിഞ്ഞിട്ടില്ല. വെള്ളപൊക്ക സമയത്ത് ഈ കമ്പനിയുടെ സേവനം ഉപയോഗിപ്പെടുത്തിയതായി സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ആര്‍ക്കും അതേക്കുറിച്ച് അറിയില്ല. കേരളത്തിലെ ജനങ്ങള്‍ കബളിപ്പിക്കപ്പെടാന്‍ പാടില്ല. വാര്‍ഡ് തലത്തില്‍ ശേഖരിക്കുന്ന ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സുരക്ഷിതമായിരിക്കണം.

ഈ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനി വിറ്റു ലാഭമുണ്ടാക്കാന്‍ പാടില്ല. ഡേറ്റ സുരക്ഷിതത്വം വേണമെന്ന നിലപാടാണ് സിപിഎം പിബി എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, പിബി അംഗമായ മുഖ്യമന്ത്രി അതില്‍നിന്ന് വ്യത്യസ്ഥമായ സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. ആധുനികവല്‍ക്കണത്തിന് ആരും എതിരല്ല. സേവനം സൗജന്യമായി നല്‍കാമെന്നു പറയുമ്പോള്‍ എല്ലാ ഡേറ്റയും എടുത്തുകൊടുക്കുന്നതു ശരിയല്ല.

350 കോടി രൂപയുടെ തട്ടിപ്പു കേസാണ് ഈ കമ്പനിക്കു മേലുള്ളത്. കേസു കൊടുത്തതാകട്ടെ ഇവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ച സ്ഥാപനവും. 200 കോടി രൂപയുടെ ഡേറ്റയാണ് സ്പ്രിംഗ്ലര്‍ കമ്പനിക്ക് സര്‍ക്കാര്‍ കൈമാറിയത്. രോഗബാധിതരുടെ കുടുബാംഗങ്ങളുടെ വിവരങ്ങള്‍ കൂടി ആകുമ്പോള്‍ അത് 700 കോടിയാകും. ഇത് അഴിമതി മാത്രമല്ല മലയാളികളുടെ ജീവന്‍ വരെ അപകടത്തിലാക്കാവുന്ന ക്രിമിനല്‍ നടപടി കൂടിയാണെന്നും ചെന്നിത്തല പറഞ്ഞു.

ഉദ്യോഗസ്ഥരെ വിമര്‍ശിക്കാന്‍ വഴിതെളിച്ചതു മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. എല്ലാം ഐടി സെക്രട്ടറി വിശദീകരിക്കുമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്. അതുകൊണ്ടാണ് ഐടി സെക്രട്ടറിയെ പരാമര്‍ശിക്കേണ്ടിവന്നത്. കുരുട്ടു ബുദ്ധി ആരുടേതാണെന്ന് ഇപ്പോള്‍ മനസിലായതായും മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു.

pathram:
Leave a Comment