കോവിഡ് അത്യാസന്ന നിലയില്‍ ഉള്ളവരെ കമഴ്ത്തി കിടത്തി ചികിത്സിച്ചാല്‍ ആശ്വാസം ലഭിക്കും…

കൊവിഡ് അത്യാസന്നവസ്ഥയിലുള്ള രോഗികളെ കമഴ്ത്തി കിടത്തുന്നതിലൂടെ ജീവൻ നിലനിർത്താമെന്ന് അമേരിക്കയിലെ ആരോഗ്യ പ്രവർത്തകർ. സിഎൻഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് സിറ്റി നോർത്ത് വെൽ ഹെൽത്ത് തീവ്ര പരിചരണ വിഭാഗത്തിലെ ഡയറക്ടർ ഡോ.മംഗള നരസിംഹ പറയുന്നത് കേള്‍ക്കാം, കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിൽ നിന്ന് വന്ന അടിയന്തര മുന്നറിയിപ്പ് 40 വയസ് കഴിഞ്ഞ ഒരാളുടെ നില ഗുരുതരമാണെന്നായിരുന്നു. പെട്ടെന്ന് വരണം. എന്നും. താൻ രോഗിയെ കമഴ്ത്തി കിടത്താൻ അപ്പോൾ തന്നെ നിർദേശിച്ച് ആശുപത്രിയിലേക്ക് ചെല്ലാൻ തയാറെടുക്കുമ്പോൾ ആശുപത്രിയിൽ നിന്ന് അടുത്ത സന്ദേശമെത്തി. കമഴ്ത്തി കിടത്തിയതോടെ രോഗിയുടെ ആരോഗ്യ നില മെച്ചമായെന്നായിരുന്നു സന്ദേശം.

കമഴ്ന്ന് കിടക്കുന്നതിലൂടെ രോഗിയുടെ ശ്വാസകോശത്തിലൂടെയുള്ള ഓക്‌സിജൻ പ്രവാഹം കൂടുമെന്നും 85 ശതമാനത്തിൽ നിന്ന് 95 ശതമാനമായി ഉയരുമെന്നുമാണ് കണ്ടെത്തൽ. ഇങ്ങനെ കിടത്തുന്നതിലൂടെ രോഗിക്ക് നേരത്തെ ശ്വസനത്തിന് ഉപയോഗിക്കാൻ സാധ്യമല്ലായിരുന്ന ശ്വാസകോശ ഭാഗങ്ങൾ ശ്വസനത്തിനായി ഉപയോഗിക്കാൻ കഴിയുമെന്ന് മസാച്ചുസെറ്റ്‌സിലെ ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ തീവ്ര പരിചരണ വിഭാഗത്തിലെ ഡയറക്ടർ കാതറിൻ ഹിബ്ബെർട്ട് പറയുന്നു.

ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരെ കമഴ്ത്തി കിടത്തുന്നത് ഗുണകരമാണെന്ന പഠനം ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിൻസിൽ 2013ൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടാണ് കൊവിഡ് രോഗികൾക്കും ഉണ്ടാകുന്ന പ്രധാന ലക്ഷണം. ചൈനയിലെ കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിലും ഇത്തരത്തിലുള്ള കണ്ടെത്തലുണ്ടായിരുന്നു. ചില രോഗികളിൽ വെന്റിലേറ്ററിൽ കിടത്തുമ്പോൾ ഉണ്ടാകുന്ന ഉയർന്ന പോസിറ്റീവ് മർദത്തേക്കാൾ ഉപകാരപ്പെടുന്നത് കമഴ്ന്നുള്ള കിടപ്പാണെന്ന് കണ്ടെത്തലിന് നേതൃത്വം വഹിച്ച നൻജിങ്ങിലെ സൗത്ത് ഈസ്റ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹെയ്‌ബോ ക്യൂ.

വെന്റിലേറ്റർ അത്യാവശ്യമില്ലാത്ത, കൂടുതൽ ഓക്‌സിജൻ ആവശ്യമുള്ള രോഗികളിലാണ് അമേരിക്കയിൽ ഈ രീതി കൂടുതലായി പരീക്ഷിക്കുന്നത്. എന്നാൽ എല്ലാ രോഗികൾക്കും ഇത് പ്രയോജനം ചെയ്യുമെന്ന് ഉറപ്പ് പറയാനാവില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. വളരെ അത്യാസന്ന നിലയിലുള്ള രോഗികൾക്ക് ചിലപ്പോൾ കമഴ്ന്ന് കിടക്കാനുള്ള ശാരീരികമായ അവസ്ഥ ഉണ്ടായിക്കൊള്ളണമെന്നില്ല.

pathram:
Leave a Comment