വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകനായ ബിജെപി നേതാവ് അറസ്റ്റില്‍

പാനൂരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ ശുചിമുറിയില്‍ പീഡനത്തിന് ഇരയാക്കിയ കേസില്‍ അധ്യാപകന്‍ കൂടിയായ ബി.ജെ.പി പ്രദേശിക നേതാവ് പാനൂര്‍ കടവത്തൂര്‍ കുറുങ്ങാട് കുനിയില്‍ പദ്മരാജന്‍ അറസ്റ്റില്‍. വിളക്കോട്ടൂരില്‍ നിന്നാണ് പദ്മരാജനെ ഇന്ന് ഉച്ചയോടെ പിടികൂടിയത്. ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുത്തതോടെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഒരു മാസമായിട്ടും ഇയാളുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. അധ്യാപകനെതിരെ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി മൊഴി നല്‍കിയിരുന്നു.

അതിനിടെ, അന്വേഷണത്തിനു വേണ്ടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ ഇന്ന് ചുമതലപ്പെടുത്തിയിരുന്നു. ബി.ജെ.പി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷനായ പദ്മരാജനെ പിടികൂടാത്തത് പോലീസിന്റെ് അലംഭാവമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയുടെ ഫെയ്‌സബുക്ക് പേജില്‍ അടക്കം പ്രതിഷേധ കമന്റുകള്‍ നിറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തലശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ പിടികൂടുന്നത്.

പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കണ്ണുര്‍ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നൂ. പാനൂര്‍ പോക്‌സോ കേസില്‍ പോലീസ് അലംഭാവം കാട്ടിയെന്നും ഉന്നതതല അന്വേഷണം വേണമെന്നും കാണിച്ച് ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കത്ത് നല്‍കിയത്.

pathram:
Related Post
Leave a Comment