വാഹനം പൊലീസ് തടഞ്ഞു; ആശുപത്രിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അച്ഛനെയും എടുത്ത് നടന്ന് മകന്‍…

കോവിഡ് പ്രതിരോധത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളില്‍ കയ്യടി നേടിയ കേരള പോലീസില്‍ നിന്ന് ചില ദുരനുഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട് ഇതാണ്. പുനലൂരില്‍ വാഹനം പൊലീസ് തടഞ്ഞതോടെ രോഗിയായ അച്ഛനെ ഒരു കിലോമീറ്ററോളം മകന്‍ ചുമക്കേണ്ടിവന്നു. ആവശ്യമായ രേഖകളില്ലാതെയാണു വാഹനവുമായി എത്തിയതിനാലാണ് കടത്തിവിടാഞ്ഞതെന്നാണ് പൊലീസ് വാദം. ഉച്ചയ്ക്ക് ഒരു മണിയോടെ പുനലൂര്‍ തൂക്കുപാലത്തിനടുത്താണു സംഭവം. താലൂക്കാശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ പിതാവിനേയും കൊണ്ട് വീട്ടിലേക്കുള്ള യാത്രയിലായിരുന്നു മകനും അമ്മയും.

കഴിഞ്ഞ നാലുദിവസമായി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുളത്തൂപ്പുഴ സ്വദേശി ജോര്‍ജ്ജിനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിനായാണ് ഓട്ടോ ഡ്രൈവറായ മകന്‍ റോയി പുനലൂരില്‍ എത്തിയത്. എന്നാല്‍, ആശുപത്രിയിലെത്താന്‍ ഒരുകിലോമീറ്റര്‍ ബാക്കി നില്‍ക്കെ അകലെ ടിബി ജംഗ്ഷനില്‍ വച്ച് പൊലീസ് വാഹനം തടയുകയായിരുന്നു. ആശുപത്രിയിലേക്കെന്ന് പറഞ്ഞിട്ടും പൊലീസ് ഓട്ടോ കടത്തിവിട്ടില്ലെന്നാണ് ആരോപണം. പിന്നാലെ വാഹനം റോഡരികില്‍ ഒതുക്കിയശേഷം ആശുപത്രിയില്‍ നിന്ന് പിതാവിനെ റോയി എടുത്തുകൊണ്ടുവരികയായിരുന്നു.

രേഖകള്‍ കാണിച്ചെങ്കിലും പൊലീസ് കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു. അതേസമയം, ആശുപത്രിയിലേക്കെന്ന് പറഞ്ഞെങ്കിലും ഇതിന്റെ രേഖകളോ സത്യവാങ്മൂലമോ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. കഴിഞ്ഞ രണ്ടുദിവസമായി പുനലൂരില്‍ വാഹനങ്ങള്‍ അനിയന്ത്രിതമായി ഇറങ്ങിയതിനെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. സംഭവം അന്വേഷിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അത്യാവശ്യക്കാരെപ്പോലും പൊലീസ് കടത്തിവിടുന്നില്ലെന്നു നാട്ടുകാര്‍ക്കു പരാതിയുണ്ട്.

pathram:
Related Post
Leave a Comment