എംഎല്‍എയ്ക്ക് കൊറോണ; മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുമായി കൂടുക്കാഴ്ച നടത്തി

ന്യുഡല്‍ഹി: ഇന്ത്യയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന കൊറോണ ബാധിതരുടെ പട്ടികയിലേക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും. ജമാല്‍പൂര്‍ ഖാഡിയ എംഎല്‍എ ഇമ്രാന്‍ ഖേഡേവാലയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടിക തയ്യാറാക്കി അവരേയും ക്വാറന്റീനിലേക്ക് അയയ്ക്കാനുള്ള നീക്കത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഇപ്പോള്‍.

കൊറോണ ബാധിതനാണെന്ന് തിരിച്ചറിയുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയും മറ്റ് രണ്ടു മന്ത്രിമാരുമായും എംഎല്‍എ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നേരത്തേ തന്നെ പനിബാധിച്ചിരുന്ന എംഎല്‍എ അതുമായി ദിവസങ്ങളോളം നടന്ന ശേഷമാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്‍കിയത്. എന്നാല്‍ ക്വാറന്റൈനിലേക്ക് പോകാതെ തന്നെ റിസള്‍ട്ട് വരും മുമ്പ് പുറത്തിറങ്ങി നടക്കുകയും അനേകരുമായി സമ്പര്‍ക്കപ്പെടുകയും ചെയ്തു. രോഗം സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കോവിഡ് ബാധിതരെ പാര്‍പ്പിച്ചിരിക്കുന്ന ഗാന്ധിനഗറിലെ എസ്‌വിപി ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. എംഎല്‍എ ആരെല്ലാമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു എന്നതിന്റെ വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണ് അധികൃതര്‍.

മുഖ്യമന്ത്രിയുമായി എംഎല്‍എ കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോകള്‍ പരിശോധിച്ചതില്‍ നിന്നും ഇരുവരും തമ്മില്‍ സുരക്ഷിതമായ അകലത്തിലാണ് ഇരുന്നിരുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമേ ആരോഗ്യ, ആഭ്യന്തര മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുവരെ ഗുജറാത്തില്‍ 617 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 55 പേര്‍ രോഗവിമുക്തരായപ്പോള്‍ 26 പേര്‍ മരണമടയുകയും ചെയ്തിരുന്നു. അതേസമയം ഗുജറാത്തിലും അയല്‍ സംസ്ഥാനമായ മഹാരാഷ്ട്രയിലും വെറും രണ്ടു ദിവസം കൊണ്ട് കേസുകളുടെ എണ്ണം ഇരട്ടിയായി മാറിയിരുന്നു.

pathram:
Related Post
Leave a Comment