മോദിയുടെ പ്രസംഗം വാചകക്കസര്‍ത്തും പൊള്ളത്തരവുമാണ്; സാമ്പത്തിക പാക്കേജിനെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വാചകക്കസര്‍ത്തും പൊള്ളത്തരവുമാണെന്ന് കോണ്‍ഗ്രസ്. സാമ്പത്തിക പാക്കേജിനെക്കുറിച്ചോ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചോ പ്രധാനമന്ത്രി പരാമര്‍ശിച്ചില്ല. കൊറോണ വൈറസിനെതിരെ പോരാടുന്നതിനുള്ള രാജ്യത്തിന്റെ റൂട്ട്മാപ്പ് എവിടെയാണെന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിച്ചു. ജനങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഓര്‍മിപ്പിക്കുകയല്ല, ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുകയാണു സര്‍ക്കാരിന്റെ കടമയെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പി.ചിദംബരവും പ്രധാനമന്ത്രിയെ വിമര്‍ശിച്ചു രംഗത്തെത്തി. ‘ഇനി 19 ദിവസത്തേക്കു കൂടി പാവപ്പെട്ട ജനങ്ങള്‍ സ്വയം നിത്യച്ചെലവിനുള്ള പണം കണ്ടെത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. പണമുണ്ട്, ഭക്ഷണമുണ്ട്. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ നല്‍കുന്നുമില്ല. കരയുക, എന്റെ പ്രിയപ്പെട്ട രാജ്യമേ.’ – ചിദംബരം ട്വിറ്ററില്‍ കുറിച്ചു. കോവിഡ് മഹാമാരിക്കെതിരെ പോരാടുന്നതിനായി രാജ്യത്തെ ലോക്ഡൗണ്‍ മേയ് 3വരെ നീട്ടിയതായി പ്രധാനമന്ത്രി അറിയിച്ചിരുന്നു. വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന് ലോക്ഡൗണ്‍ നടപടി നിര്‍ണായകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡെന്‍മാര്‍ക്ക് രാജകുമാരന്‍ ഇല്ലാത്ത ഹാംലെറ്റ് പോലെയാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്നു കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. പ്രധാനമന്ത്രിയുടെ അഭിസംബോധന അതിഗംഭീരം. പ്രബോധനം, വാചകക്കസര്‍ത്ത്, പ്രചോദനം എല്ലാമുണ്ട്. എന്നാല്‍ വെറും പൊള്ളയായത്. സാമ്പത്തിക പാക്കേജില്ല, ദരിദ്രര്‍ക്കോ മധ്യവര്‍ഗത്തിനോ വ്യവസായത്തിനോ ബിസിനസുകള്‍ക്കോ സഹായമില്ല. ലോക്ഡൗണ്‍ നല്ലതാണ്, പക്ഷേ എല്ലാം അതുകൊണ്ട് അവസാനിക്കില്ലെന്നും അഭിഷേക് സിങ്‌വി പറഞ്ഞു. പ്രധാനമന്ത്രിയുടെ തീരുമാനത്തെ അനുകൂലിച്ച ശശി തരൂര്‍ എംപി, ദരിദ്രര്‍ക്കു വേണ്ടി പ്രഖ്യാപനങ്ങള്‍ നടത്തേണ്ടിയിരുന്നെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്കു മുന്‍പു തന്നെ ലോക്ഡൗണിനെ കുറിച്ചു വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. എല്ലാവര്‍ക്കും ഒരുപോലെ നടപ്പാക്കിയ ലോക്ഡൗണ്‍ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന കര്‍ഷകര്‍, കുടിയേറ്റ തൊഴിലാളികള്‍, ദിവസവേതനക്കാര്‍, കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്ക് പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളും കഷ്ട്ടപ്പാടുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ലോക്ഡൗണില്‍ സമര്‍ഥമായ മാറ്റം കൊണ്ടുവരേണ്ടതുണ്ട്. കൂടുതല്‍ പരിശോധനകളിലൂടെ വൈറസ് ഹോട്ട്‌സ്‌പോട്ടുകളെ കണ്ടെത്തുകയും മറ്റു സ്ഥലങ്ങള്‍ വാണിജ്യത്തിനായി തുറന്നുകൊടുക്കുകയും വേണമെന്നും രാഹുല്‍ ട്വിറ്ററില്‍ പറഞ്ഞു

pathram:
Related Post
Leave a Comment