പ്രയാസം നേരിടുന്ന പ്രവാസികള്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം

കൊച്ചി: വിദേശരാജ്യങ്ങളില്‍ പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കു നാട്ടിലേക്കു പ്രത്യേക വിമാനം ഏര്‍പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരികെത്തുന്നവരുടെ പരിശോധന, ക്വാറന്റീന്‍ മുതലായ കാര്യങ്ങള്‍ സര്‍ക്കാര്‍ നിര്‍വഹിക്കും. പ്രവാസികളുടെ കാര്യത്തില്‍ അനിവാര്യമായ ഇടപെടലാണ് ഇതെന്നു പ്രധാനമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ എല്ലാവരെയും അലട്ടുന്നുണ്ട്. അവരെ കേരളത്തില്‍ എത്തിക്കണമെന്നു നമുക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താല്‍പര്യമുണ്ട്. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം മൂലം വിദേശത്തു കുടുങ്ങിയവര്‍ക്കും ഹ്രസ്വകാല സന്ദര്‍ശനത്തിനു പോയവര്‍ക്കും മടങ്ങാന്‍ സാധിക്കുന്നില്ല. വരുമാനം ഇല്ലാത്തതിനാല്‍ അവിടെ ജീവിതം അസാധ്യമാണ്. പ്രവാസികളുടെ കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് പ്രഖ്യാപിച്ച കാര്യം നമ്മുടെയെല്ലാം ശ്രദ്ധയിലുണ്ട്. പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും.

ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികളുണ്ടെങ്കില്‍ സംരക്ഷിക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കണം എന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളുടെ നടത്തിപ്പില്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇടപെടരുത്. സംസ്ഥാനത്തെ ഡയാലിസിസ് രോഗികള്‍ക്ക് യാത്രാ സൗകര്യം ഒരുക്കും. സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധസംഘടനകളും ഇതിനായി ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment