എവിടെയാണോ ഉള്ളത്, അവിടെ നില്‍ക്കണം; പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകള്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹര്‍ജികള്‍ നാല് ആഴ്ചത്തേക്കു മാറ്റിവച്ചു.

വിദേശത്തുനിന്ന് എത്തുന്നവരിലൂടെ രോഗം പടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കേന്ദ്രസര്‍ക്കാര്‍ യാത്രാവിലക്ക് ഏര്‍പെടുത്തിയത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ യുഎസ്, ബ്രിട്ടന്‍ എന്നിവിടങ്ങളിലും ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. അവരെയും തിരികെയെത്തിക്കണമെന്നും ആവശ്യമുണ്ട്. ഇവരെയൊക്കെ ഇപ്പോള്‍ ഇന്ത്യയിലെത്താന്‍ അനുവദിച്ചാല്‍ അതു രോഗവ്യാപനത്തിനു കാരണമായേക്കും. അങ്ങനെ സംഭവിച്ചാല്‍ നിലവിലെ ലോക്ഡൗണും യാത്രാവിലക്കും ലക്ഷ്യങ്ങളും തകിടം മറിയാന്‍ ഇടയാകും.

പ്രവാസികള്‍ ഉള്ള രാജ്യങ്ങളില്‍ ചികിത്സാ സൗകര്യങ്ങളുള്‍പ്പെടെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താം. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണു പ്രതീക്ഷിക്കുന്നത്. പ്രവാസികളെ ഇപ്പോള്‍ നാട്ടിലെത്തിക്കുന്നതു പ്രായോഗികമായി തെറ്റായ കാര്യമാണെന്നും എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം ഹര്‍ജിയിലെ ആവശ്യങ്ങള്‍ കോടതി പൂര്‍ണമായി തള്ളിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് ഇടപെടല്‍ വേണമെങ്കില്‍ പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

pathram:
Leave a Comment