വിഷു വന്നപ്പോള്‍ കൊറോണയെ മറന്ന് മലയാളികള്‍..!! കടകളില്‍ വന്‍ തിരക്ക്; നിയന്ത്രിക്കാന്‍ പൊലീസിന്റെ ഇടപെടല്‍

വിഷുത്തലേന്ന് സംസ്ഥാനത്തെ നഗരങ്ങളില്‍ വലിയ തിരക്ക്. ലോക്ഡൗണ്‍ വിലക്ക് മറികടന്ന് റോഡുകളിലും കടകള്‍ക്കുമുന്നിലും ജനക്കൂട്ടമെത്തി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് വന്‍ ജനതിരക്ക് അനുഭവപ്പെടുന്നത്. യാതൊരു സുരക്ഷ മുന്‍കരുതലും സ്വീകരിക്കാതെയാണ് പലരും മാര്‍ക്കറ്റുകളില്‍ എത്തുന്നത്. അതേസമയം ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.

പത്തനംതിട്ട നഗരത്തില്‍ ഗതാഗതത്തിരക്കാണ്. കോഴിക്കോട്ടും തൃപ്പൂണിത്തുറയിലും പത്തനംതിട്ടയിലും പൊലീസ് സ്ഥിതി നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ട്. ദേശീയപാതയിലും കഴിഞ്ഞ ദിവസങ്ങളെക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടുന്നുണ്ട്.

കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തിരക്ക് കൂടിയതോടെ പൊലീസ് നടപടി കര്‍ശനമാക്കി. പ്രതിസന്ധി എന്തായാലും ആഘോഷം ഒഴിവാക്കാനാകില്ലെന്ന നിലപാടിലായിരുന്നു പലരും. നിയന്ത്രണങ്ങളും കരുതലും തുടരുമ്പോഴും വര്‍ഷത്തിലൊരിക്കലുള്ള ആഘോഷം ഒഴിവാക്കാനാകില്ല. അത്യാവശ്യ സാധനങ്ങള്‍ വാങ്ങി വേഗത്തില്‍ മടങ്ങുകയായിരുന്നു പലരും.

പാലക്കാട് ജില്ലയില്‍ കൊറോണ ബാധിതര്‍ കുറവായതിനാല്‍ ചെറിയ ടൗണുകളില്‍ പോലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. ബാങ്കുകളിലും നീണ്ട ക്യൂ ആണ് ഉള്ളത്.

തിരക്കേറിയപ്പോള്‍ സാമൂഹിക അകലം പാലിക്കണമെന്നും നടപടിയുണ്ടാകുമെന്നും പൊലീസ് പലതവണ മുന്നറിയിപ്പ് നല്‍കി. മുഖാവരണമില്ലാതെ കച്ചവടക്കാരെപ്പോലും ചന്തയിലേക്ക് കയറ്റാതെ പൊലീസ് നിയന്ത്രണം കര്‍ക്കശമാക്കിയപ്പോള്‍ തിരക്ക് കുറഞ്ഞു. പച്ചക്കറി വിലയില്‍ കാര്യമായ കുറവുണ്ടെങ്കിലും നാലിലൊന്ന് വില്‍പന മാത്രമെന്ന് കച്ചവടക്കാര്‍.

പഴം, പച്ചക്കറി സാധാനങ്ങളും, വീട്ടിലേക്ക് ആവശ്യമായ മറ്റ് സാധനങ്ങള്‍ വാങ്ങുന്നതിനാണ് ഒരു കുടുബത്തില്‍ നിന്ന് രണ്ടും മൂന്നും ആളുകള്‍ ഒരുമിച്ച് മാര്‍ക്കറ്റുകളില്‍ എത്തുന്നത്. മത്സ്യ, ഇറച്ചി വിപണന കേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വില നിയന്ത്രിക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന തുടരുകയാണ്.

pathram:
Related Post
Leave a Comment