മുഖ്യമന്ത്രി തുണച്ചു; 23 ദിവസത്തിന് ശേഷം മൂന്നരവയസുകാരന്റെയടുത്ത് അമ്മ എത്തി

ലോക്ഡൗണില്‍ അകലെയായിപ്പോയ മൂന്നര വയസ്സുകാരന്‍ മകന്റെ അടുത്തെത്താന്‍ കാസര്‍കോടു നിന്നു വയനാട്ടിലേക്ക് രാത്രി ഒരമ്മയുടെ യാത്ര. ലോക്ഡൗണില്‍ കുടുങ്ങി പിരിഞ്ഞിരുന്ന 23 ദിവസത്തിനു ശേഷമാണ് ഇരുവരും ഇന്നലെ കണ്ടത്. മകന്റെ അരികിലെത്താനായി അനുമതി തേടിയ അമ്മയെ ജില്ലാ ഭരണകൂടം വട്ടം കറക്കിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് തുണയായി.

സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ കാസര്‍കോട് വിദ്യാനഗര്‍ ഐടിഐ റോഡില്‍ വാടക വീട്ടില്‍ താമസിക്കുന്ന വയനാട് മാനന്തവാടിയിലെ ടി.എസ്.നിതാരയാണു മകന്‍ റിച്ചുവിന്റെ അടുത്തെത്താനുള്ള അനുമതിക്കായി ഓഫിസുകള്‍ കയറിയിറങ്ങിയത്.

കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ഡേ കെയറില്‍ കുട്ടിയെ ആക്കിയായിരുന്നു അധ്യാപികയായ നിതാരയും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഭര്‍ത്താവ് ടി.വി.സുജിത്തും ജോലിക്കു പോയിരുന്നത്. മാര്‍ച്ച് 10 ന് ഡെ കെയര്‍ അടച്ചതോടെ കുട്ടിയെ നോക്കാനാളില്ലാതായി. 21ന് നിതാരയുടെ അച്ഛന്‍ പി.കെ.ശശി കുട്ടിയെ തങ്ങളുടെ വയനാട് മാനന്തവാടി വിന്‍സന്റ് ഗിരി പുതിയടത്തു മീത്തലെ വീട്ടിലേക്കു കൊണ്ടു പോയി. എന്നാല്‍ 21ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അമ്മയും കുഞ്ഞും 2 സ്ഥലങ്ങളിലായി. ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തുവന്നതോടെ വയനാട് കലക്ടര്‍ ഡോ.അദീല അബ്ദുല്ല കാസര്‍കോട് കലക്ടറേറ്റില്‍ ബന്ധപ്പെട്ടെങ്കിലും കുഞ്ഞിന്റെ അടുത്തെത്താനുള്ള വഴി തെളിഞ്ഞില്ല.

തുടര്‍ന്ന് കോവിഡ് ജില്ലാ സ്‌പെഷല്‍ ഓഫിസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയെ വിളിച്ചു സങ്കടം ബോധിപ്പിച്ചു. അദ്ദേഹം ഇടപെട്ട് കലക്ടര്‍ക്കും ഐജിക്കും നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ നിന്ന് 11നു രാവിലെ എത്താന്‍ നിര്‍ദേശം ലഭിച്ചു. പല തടസ്സങ്ങള്‍ പറഞ്ഞു വട്ടം കറക്കി വൈകിട്ട് 5 വരെ പാസ് വൈകിപ്പിച്ചു. അനുവദിച്ച പാസ്സിലെ സമയമാകട്ടെ 11ന് വൈകിട്ട് 6 മുതല്‍ ഇന്നലെ രാവിലെ 8 വരെ. ഒരു രാത്രി, 14 മണിക്കൂര്‍. കാസര്‍കോടു നിന്നു ഏര്‍പ്പാടാക്കിയ താല്‍ക്കാലിക വാഹനത്തിലായിരുന്നു യാത്ര പ്ലാന്‍ ചെയ്തത്. എന്നാല്‍ പാസില്‍ രേഖപ്പെടുത്തിയ നമ്പറുമായുള്ള വാഹനവുമായി വയനാട്ടില്‍ പോയാല്‍ രണ്ടാഴ്ചത്തെ ക്വാറന്റീനില്‍ കഴിഞ്ഞു മാത്രമേ മടങ്ങാന്‍ സാധിക്കുകയുള്ളുവെന്നു പറഞ്ഞതോടെ വാഹനം ഉടമയ്ക്കു തിരികെ നല്‍കാന്‍ വഴിയില്ലെന്നായി.

ഒടുവില്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് സെല്ലില്‍ വിളിച്ചപ്പോള്‍ ഓരോ ജില്ലയിലും ഓരോ വാഹനം എന്ന രീതിയില്‍ 3 വാഹനത്തിലായി അനുമതി പാസ്സുമായി പോകാമെന്നായിരുന്നു മറുപടി. തുടര്‍ന്ന് കാസര്‍കോട് അതിര്‍ത്തി വരെ നിതാരയെ ഭര്‍ത്താവ് എത്തിച്ചു. കണ്ണൂര്‍ അതിര്‍ത്തിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സഹായത്തോടെ പുലര്‍ച്ചെ 4ന് കണ്ണൂര്‍ വയനാട് അതിര്‍ത്തിയായ ബോയ്‌സ് ടൗണിലെത്തിച്ചു. ഇവിടെ നിന്ന് നിതാരയുടെ മാതാപിതാക്കളായ പി.കെ.ശശിയും കെ.ജെ.സിസിലിയും എത്തി കൊണ്ടുപോയി. പുലര്‍ച്ചെ 5 മണിയോടെ വീട്ടിലെത്തി.

pathram:
Related Post
Leave a Comment