ഇത്തരമൊരു നീക്കം ഉണ്ടാകുന്നതു ശരിയല്ല; കേരളത്തില്‍നിന്ന് യുഎഇയിലേക്ക് ഡോക്റ്റര്‍മാരെ അയക്കല്‍; സര്‍ക്കാരിന്റെ അറിവോടെ അല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നുവെന്ന പ്രചാരണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എംഡി ഡോ. കെ.പി. ഹുസൈന്‍ ഇങ്ങനെയൊരു വാഗ്ദാനം ദുബായ് ഹെല്‍ത്ത് അതോറിറ്റിയെ അറിയിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

യുഎഇയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കുമെന്ന ആ വാഗ്ദാനവുമായി സംസ്ഥാന ഗവണ്‍മെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കത്തെഴുതിയ വ്യക്തിക്കു സംസ്ഥാന സര്‍ക്കാരിനു വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല. ലോകം കോവിഡ് 19 ന്റെ വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ്. ഇതില്‍ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാര്‍ഗങ്ങള്‍ ഉണ്ട്. എല്ലാവരും ഒന്നിച്ചു നില്‍ക്കുമ്പോള്‍ത്തന്നെ ആവശ്യമായ പ്രോട്ടോകോള്‍ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ഉണ്ടാകുന്നതു ശരിയല്ല. ഇത്തരം രീതികളെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുന്നില്ല.

യുഎഇയും ഇന്ത്യയും തമ്മിലുള്ള സവിശേഷ ബന്ധവും യുഎഇയിലെ മലയാളി സാന്നിധ്യവും മുഖ്യമന്ത്രി ഹുമൈദ് അല്‍ ഖുദമിക്ക് അയച്ച കത്തില്‍ എടുത്തുപറഞ്ഞു. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ യുഎഇ ഭരണാധികാരികള്‍ നടത്തുന്ന ഇടപെടല്‍ ശ്ലാഘനീയമാണ്. ഏതെങ്കിലും വിഷയത്തില്‍ ബന്ധപ്പെടല്‍ വേണമെങ്കില്‍ അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഉണ്ടാവുക. സഹകരണം കൂടുതല്‍ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

pathram:
Leave a Comment