യതീഷ് ചന്ദ്രയ്‌ക്കെതിരേ നടപടി ഉണ്ടാവില്ല; മുഖ്യമന്ത്രി തീരുമാനിക്കും

തിരുവനന്തപുരം: ലോക്ഡൗണ്‍ ലംഘിച്ചു വീട്ടില്‍ നിന്ന് റോഡിലേക്ക് ഇറങ്ങയിവരെ ഏത്തമിടീപ്പിച്ച കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ നടപടിക്ക് ശുപാര്‍ശയില്ല. കൂട്ടംകൂടി നിന്നവര്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്തതിനാലാണ് മുന്നറിയിപ്പെന്ന നിലയില്‍ വ്യായാമം ചെയ്യിപ്പിച്ചതെന്ന യതീഷ് ചന്ദ്രയുടെ വിശദീകരണം ഉള്‍പ്പെടുത്തിയാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഉടനെ നടപടി വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാരും.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനായി കാക്കുകയാണ് ആഭ്യന്തര വകുപ്പ്. യതീഷ് ചന്ദ്രയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ എന്തു നടപടിയായെന്ന ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ഡിജിപിയുടെ മറുപടി. ഇതുസംബന്ധിച്ച് വാര്‍ത്താസമ്മേളനങ്ങളില്‍ ഉയര്‍ന്ന ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനും നിലപാട് വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ അഴീക്കലില്‍ തുറന്നിരുന്ന കടയ്ക്കു മുന്‍പില്‍ കൂട്ടംകൂടി നിന്നു 3 പേര്‍ വര്‍ത്തമാനം പറയുന്നതു ശ്രദ്ധയില്‍പെട്ടതോടെയാണ് എസ്പി വാഹനം നിര്‍ത്തി ഇറങ്ങി ഏത്തമിടീപ്പിച്ചത്.

ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നു പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ജില്ലാ ഭരണകൂടവും പത്രങ്ങളും പറഞ്ഞിട്ട് അനുസരിക്കാന്‍ കഴിയില്ലേ എന്നു ചോദിച്ചായിരുന്നു നടപടി. ജില്ലാ പൊലീസ് മേധാവിയുടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്‍ പകര്‍ത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണം തേടി. യതീഷ് ചന്ദ്രയ്‌ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടു കെ.എം. ഷാജി എംഎല്‍എ മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്.

pathram:
Leave a Comment