ഘട്ടംഘട്ടമായി മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താവൂ; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ലോക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. കാര്‍ഷിക, വ്യവസായ മേഖലകള്‍ക്ക് ലോക്ഡൗണില്‍നിന്ന് ഇളവു ലഭിക്കണം. റാപിഡ് ടെസ്റ്റിങ്ങിനായുള്ള കിറ്റുകള്‍ വേഗത്തില്‍ ലഭ്യമാക്കണമെന്നും പഞ്ചാബ് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. ഏപ്രില്‍ 30 വരെയെങ്കിലും ലോക്ഡൗണ്‍ നീട്ടണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്!രിവാള്‍ ആവശ്യപ്പെട്ടു.

അതേസമയം രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.

ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്.

pathram:
Related Post
Leave a Comment