കൊറോണയെ പിടിക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു..!!!

കൊറോണ വൈറസ് ബാധിതരായവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്ന മുന്നറിയിപ്പ് നല്‍കുന്ന സാങ്കേതിക വിദ്യയൊരുക്കാന്‍ ആപ്പിളും ഗൂഗിളും ഒന്നിക്കുന്നു. നേരത്തെ ഈ ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്ന തേഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കാമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനായി പ്രത്യേകം ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടി വരുന്നതില്‍ കമ്പനികള്‍ക്ക് താല്‍പര്യമില്ല. ഉപയോക്താക്കളുടെ പങ്കാളിത്തം സ്വമേധയാ ആകണമെന്നും സ്വകാര്യത ഉറപ്പുവരുത്തണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു.

സ്മാര്‍ട്‌ഫോണിലെ ബ്ലൂടൂത്ത് സിഗ്‌നലുകള്‍ ഉപയോഗിച്ചാണ് ഫോണ്‍ ഉടമ രോഗബാധയുണ്ടാവാനിടയുള്ള അകലത്തില്‍ രോഗിയുമായി ബന്ധമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുക. ആരിലെങ്കിലും പിന്നീട് രോഗം സ്ഥിരീകരിച്ചാല്‍ ആ വിവരം ഉപയോക്താക്കളെ അറിയിക്കും. ജിപിഎസ് വിവരങ്ങളോ വ്യക്തിവിവരങ്ങളോ ഇതിനായി ശേഖരിക്കില്ല.

പൊതു ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം ആപ്ലിക്കേഷനുകള്‍ സംയോജിപ്പിക്കാന്‍ സാധിക്കും എപിഐ തയ്യാറാക്കുന്ന പദ്ധതിയാണ് ഇതില്‍ ആദ്യഘട്ടം. ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ കഴിയും വിധം ഫോണിലെ സോഫ്റ്റ് വെയര്‍ തലത്തിലുള്ള ട്രേസിങ് സംവിധാനമൊരുക്കുന്നതാണ് രണ്ടാം ഘട്ടം.

രണ്ട് പേര്‍ നിശ്ചിത അകലത്തില്‍ നില്‍ക്കുമ്പോള്‍ അവരുടെ ഫോണുകള്‍ തമ്മില്‍ ബ്ലൂടൂത്തിലൂടെ ഓട്ടോമാറ്റിക് ആയി ഒരു രഹസ്യ ഐഡി കൈമാറ്റം ചെയ്യും. വരുന്ന 14 ദിവസം ഈ ഐഡികളുടെ സഞ്ചാരമാര്‍ഗം പരിശോധിക്കും. ഇങ്ങനെ രണ്ട് ഫോണുകളും തമ്മില്‍ ചിലവഴിച്ച സമയം, അകലം എന്നിവ പരിശോധിച്ച് രോഗബാധയുടെ സാധ്യത മുന്നറിയിപ്പ് നല്‍കും.

കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്ലിക്കേഷന്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്. എന്നാല്‍ ഉപയോഗിക്കുന്നവരുടെ ലൊക്കേഷന്‍ ഡാറ്റ ആപ്ലിക്കേഷന്‍ ശേഖരിക്കുന്നുണ്ട്. ഇങ്ങനെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കാതെ തന്നെ ഫോണില്‍ ഇന്‍ബില്‍റ്റ് ആയി ഒരു ട്രേസിങ് സംവിധാനം ഒരുക്കാനാണ് ഗൂഗിളും ആപ്പിളും ഒന്നിച്ച് ശ്രമിക്കുന്നത്.

pathram:
Leave a Comment