കൊറോണ: നാല് ദിവസത്തിനുള്ളില്‍ 4 ലാബുകള്‍ ലഭ്യമാകും… 14 ജില്ലക്ക് 14 ലാബ്

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ പരിശോധന സംവിധാനം വര്‍ധിപ്പിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നാല് ദിവസത്തിനുള്ളില്‍ 4 ലാബുകള്‍ ലഭ്യമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോട് അതിര്‍ത്തി വഴി രോഗികള്‍ക്ക് പോകാന്‍ സാധിക്കാത്ത പ്രശ്‌നം ഉണ്ട്. ഇന്നും ഒരാള്‍ മരിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. ആവശ്യമെങ്കില്‍ ആകാശ മാര്‍ഗം ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗപ്രതിരോധത്തിന് മാസ്‌ക് ഉപയോഗിക്കുന്നതു നല്ല കാര്യമാണ്. ഏതൊക്കെ മാസ്‌ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതില്‍ കൃത്യത വേണം. എന്‍ 95 മാസ്‌കുകള്‍ രോഗിയും പരിചരിക്കുന്നവരുമാണ് ഉപയോഗിക്കേണ്ടത്. സാധാരണക്കാര്‍ തുണി മാസ്‌ക് ഉപയോഗിക്കണം. ഇതു കഴുകി ശുചീകരിക്കാം. രക്തം നല്‍കാന്‍ താത്പര്യമുള്ളവരെ ക്ഷണിച്ചപ്പോള്‍ നല്ല പ്രതികരണമായിരുന്നു. 1023 പേര്‍ക്ക് ഇന്ന് രക്തം നല്‍കാന്‍ സാധിച്ചു.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആര്‍സിസിയില്‍ എത്താന്‍ ബുദ്ധിമുട്ടുന്നവര്‍ വിവിധ ജില്ലകളിലുണ്ട്. പരിഹാരമായി ആരോഗ്യ വകുപ്പും ആര്‍സിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളില്‍തന്നെ ചികിത്സ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 357 ആയി. 258പേര്‍ ചികിത്സയിലുണ്ട്. 1,36,195 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,35,472 പേര്‍ വീടുകളിലും 723പേര്‍ ആശുപത്രികളിലും നീരീക്ഷണത്തിലാണ്. ഇന്ന് 153പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12,710 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 11,469 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

pathram:
Leave a Comment