സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം ബാധിച്ച 8 വിദേശികളുടെ ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കാസര്‍കോട് 4, കണ്ണൂര്‍ 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം. 11 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ വിദേശത്തുനിന്നും എത്തിയതാണ്. 13 പേരുടെ ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 357 ആയി. 258 പേര്‍ ചികില്‍സയിലുണ്ട്. 1,36,195 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12,710 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 11,469 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ചികിത്സയിലുള്ളവരില്‍ 60 വയസ്സിന് മുകളിലുള്ളവര്‍ 7.5 ശതമാനമാണ്. 20 വയസ്സിന് താഴെയുള്ളവര്‍ 6.9 ശതമാനം. പരിശോധന സംവിധാനം വര്‍ധിപ്പിക്കുന്നതിന് നാല് ദിവസത്തില്‍ 4 ലാബ് ലഭ്യമാകും. 14 ജില്ലക്ക് 14 ലാബ് എന്നാണ് ഉദ്ദേശിക്കുന്നത്. കാസര്‍കോട് അതിര്‍ത്തി വഴി രോഗികള്‍ക്ക് പോകാനാവാത്ത പ്രശ്‌നം ഉണ്ട്. ഇന്നും ഒരാള്‍ മരിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളെ സംസ്ഥാനത്തെ പ്രധാന ആശുപത്രികളിലേക്ക് എത്തിക്കാന്‍ ശ്രമിക്കും. ആവശ്യമെങ്കില്‍ ആകാശ മാര്‍ഗം ഉപയോഗിക്കാം.

യുഎഇയിലുള്ള 2.8 ദശലക്ഷം പ്രവാസികളില്‍ ഒരു ദശലക്ഷത്തില്‍ അധികം പേര്‍ കേരളീയരാണ്. അവിടത്തെ സ്ഥിതി ഗുരുതരമാണ് എന്നാണ് വാര്‍ത്തകള്‍. ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. നോര്‍ക്ക വിവിധ ഏജന്‍സികള്‍ക്കു കത്തയച്ചിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്ന് യുഎഇ, കുവൈറ്റ് ഇന്ത്യന്‍ അംബാസഡര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്‌പെഷല്‍ പാന്‍ഡമിക് റിലീഫ് ബോണ്ട് ഇറക്കാന്‍ അനുവദിക്കുക, വായ്പാ പരിധി 5 ശതമാനമായി ഉയര്‍ത്തുക, പകര്‍ച്ച വ്യാധി പ്രതിരോധത്തിന് പുറത്തു നിന്നുള്ള ഏജന്‍സികളിലൂടെ വാങ്ങുന്ന വായ്പയെ വായ്പാ പരിധിയില്‍നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു.

മാസ്‌ക് ഉപയോഗിക്കുന്നതു നല്ല കാര്യമാണ്. ഏതൊക്കെ മാസ്‌ക് എവിടെയൊക്കെ ഉപയോഗിക്കണം എന്നതില്‍ കൃത്യത വേണം. എന്‍ 95 രോഗിക്കും പരിചരിക്കുന്നവരുമാണ് ഉപയോഗിക്കേണ്ടത്. സാധാരണക്കാര്‍ തുണി മാസ്‌ക് ഉപയോഗിക്കണം. ഇതു കഴുകി ശുചീകരിക്കാം. 1023 പേര്‍ക്ക് ഇന്ന് രക്തം നല്‍കാന്‍ സാധിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ആര്‍സിസിയില്‍ എത്താന്‍ ബുദ്ധിമുട്ടുന്നവര്‍ വിവിധ ജില്ലകളിലുണ്ട്. പരിഹാരമായി ആരോഗ്യ വകുപ്പും ആര്‍സിസിയും സംയുക്തമായി രോഗികളുടെ പ്രദേശങ്ങളില്‍തന്നെ ചികിത്സ ലഭ്യമാക്കാന്‍ സംവിധാനമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ച് ഇന്ന് 100 ദിവസം കഴിയുകയാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 8 വിദേശികളുടെ ജീവന്‍ രക്ഷിച്ച് അവരെ പൂര്‍ണ ആരോഗ്യത്തിലേക്കു തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. ഇറ്റലി, യുകെ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് രോഗമുക്തി നേടിയത്. 83, 76 വയസ്സുള്ളവരും ഇതിലുണ്ട്. ഇതില്‍ ഒരാള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ഏഴു പേര്‍ക്ക് എറണാകുളത്തുമാണ് ചികിത്സ നല്‍കിയത്.

നാളെ ദുഃഖ വെള്ളിയാഴ്ചയാണ്. യേശുക്രിസ്തുവിന്റെ ഓര്‍മ ഉണര്‍ത്തുന്ന ദിനം. രോഗികളെ സുഖപ്പെടുത്തുക എന്ന ക്രിസ്തു സന്ദേശം ഉള്‍ക്കൊണ്ട് കൊറോണ ബാധിതരുടെ സുഖപ്പെടലിന് വേണ്ടി പുനരര്‍പ്പണം നടത്താനുള്ള സന്ദര്‍ഭമായി ഇതിനെ ഉപയോഗപ്പെടുത്താം. മനസുകൊണ്ട് ചേര്‍ത്തു നിര്‍ത്തുക എന്നത് യേശുക്രിസ്തു സ്വന്തം ജീവിതം കൊണ്ട് നല്‍കിയ സന്ദര്‍ഭമാണ്. ഇതും ഓര്‍ക്കാം. – മുഖ്യമന്ത്രി പറഞ്ഞു.

pathram:
Related Post
Leave a Comment