കൊറോണ; കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ; പ്ലാന്‍ സി ഇങ്ങനെ…

തിരുവനന്തപുരം :കൊറോണ വൈറസിന്റെ ഒന്നും രണ്ടും ഘട്ടങ്ങളെ മാതൃകാപരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ അതിജീവിച്ച കേരളം മൂന്നാം ഘട്ടത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ നടക്കുന്നത്. ലോക്ക് ഡൗണ്‍ പിന്‍വലിച്ച ശേഷം ഗള്‍ഫ് രാജ്യങ്ങളും അയല്‍ സംസ്ഥാനങ്ങളും ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രോഗം വ്യാപകമായ സ്ഥലങ്ങളില്‍ നിന്ന് മലയാളികള്‍ കൂട്ടത്തോടെ നാട്ടിലെത്തുന്ന സ്ഥിതിയുണ്ടായാല്‍ അതിനെ നേരിടാനും അവരില്‍ നിന്ന് രോഗവ്യാപനം ഉണ്ടാകാതിരിക്കാനുമാവശ്യമായ നടപടികളുമായി ആരോഗ്യ വകുപ്പ്.

പൊതുഗതാഗത സംവിധാനങ്ങളാകെ നിശ്ചലമാകുകയും സംസ്ഥാന ജില്ലാ അതിര്‍ത്തികള്‍ അടഞ്ഞുകിടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ അത്തരം ഒരു ഭീതിയുടെ ആവശ്യമില്ലെങ്കിലും നിയന്ത്രണങ്ങളില്‍ അയവ് വരുന്ന മുറയ്ക്ക് മറുനാടന്‍ മലയാളികളുടെ മടങ്ങിവരവ് സംസ്ഥാനത്തിന് ഒരു ഭീതിയാകും. വിമാന, ട്രെയിന്‍ ഗതാഗതം ആരംഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെങ്കിലും നിരവധിപേര്‍ ഓണ്‍ലൈന്‍ മുഖാന്തിരം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിട്ടുമുണ്ട്.

പുറത്ത് നിന്നെത്തുന്നവരെ പരിശോധനയ്ക്ക് ശേഷം അതിര്‍ത്തികളില്‍ തന്നെ ആളൊഴിഞ്ഞ സ്ഥലങ്ങളും കെട്ടിടങ്ങളും ഏറ്റെടുത്ത് മരുന്നും ഭക്ഷണവുമുള്‍പ്പെടെ ക്വാറന്റൈന്‍ സംവിധാനങ്ങളൊരുക്കി 28 ദിവസം പാര്‍പ്പിച്ചശേഷം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച് നാട്ടിലേക്ക് വിടുകയാണ് ഇതിനുള്ള പരിഹാരം. അതിനായി സംസ്ഥാന അതിര്‍ത്തികളിലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ആശുപത്രികളുടെയും സഹായത്തോടെ ആവശ്യമായ സൗകര്യങ്ങള്‍ ക്രമീകരിക്കും.

pathram:
Leave a Comment