കൊറോണയെ തോല്‍പ്പിച്ച് 104 വയസ്സുകാരി അമ്മൂമ ഇതാ… പറയുന്നു…രോഗത്തില്‍ നിന്ന മുക്തി നേടാന്‍ സഹായിച്ചത്..

ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍നിന്നൊരു ശുഭവാര്‍ത്ത. 104 വയസ്സായ സ്ത്രീയുടെ രോഗം മാറിയതാണ് ഇറ്റലിയിലെ ജനങ്ങള്‍ക്കു പ്രതീക്ഷ നല്‍കുന്നത്. ആഡ സനൂസോ എന്ന സ്ത്രീക്കാണു രോഗ പരിശോധനാ ഫലം നെഗറ്റീവ് ആയത്. രോഗം മാറി ആരോഗ്യം തിരിച്ചെടുത്ത അവര്‍ പറഞ്ഞത് ഇങ്ങനെ– ‘ധൈര്യവും വിശ്വാസവുമാണു രോഗത്തില്‍നിന്നു മുക്തി നേടുന്നതിനു സഹായിച്ചത്. എനിക്ക് ഇപ്പോള്‍ സുഖമുണ്ട്. ഞാനിപ്പോള്‍ ടിവി കാണുന്നുണ്ട്. പത്രം വായിക്കുന്നുണ്ട്. എനിക്ക് കുറച്ചു പനിയുണ്ടായിരുന്നു.

രോഗം ബാധിച്ചവര്‍ കരുത്തോടെയിരിക്കണമെന്നും അവര്‍ ഉപദേശിക്കുന്നു. നൂറ് വയസ്സു പിന്നിട്ടവര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇറ്റലിയും ഫ്രാന്‍സും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ചു മരിച്ച ഇറ്റലിയുടെ രോഗ പ്രതിരോധത്തില്‍ പുതിയ പ്രതീക്ഷ 104 വയസ്സു പ്രായമുള്ള മുത്തശ്ശിയുടെ അതിജീവനമാണ്. രോഗബാധയുണ്ടായതിനെ തുടര്‍ന്ന് ആഡ സനുസോ ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്ന് ഡോക്ടറായ കാര്‍ല ഫര്‍ണോ മാര്‍കേസ് പറയുന്നു. അവര്‍ എല്ലായ്‌പ്പോഴും ഉറക്കത്തിലായിരുന്നു. പ്രതികരിക്കുന്നുമുണ്ടായിരുന്നില്ല.

ഒരിക്കല്‍ അവര്‍ കണ്ണു തുറന്നു. പിന്നീടു കാര്യങ്ങള്‍ സാധാരണ പോലെയായി. ഇരിക്കുകയും കിടക്കവിട്ട് ഇറങ്ങുകയും ചെയ്തു– കാര്‍ല ഫര്‍ണോ മാര്‍കേസ് വാര്‍ത്താ ഏജന്‍സിയായ അസോസ്യേറ്റഡ് പ്രസിനോടു പറഞ്ഞു. ചെറിയ രോഗലക്ഷണങ്ങളുമായി തുടങ്ങുന്ന കോവിഡ് 19 രോഗം ബാധിച്ച ഭൂരിഭാഗം പേരും രക്ഷപെടുന്നുണ്ട്. പക്ഷേ പ്രായമായവരില്‍ രോഗം ഗുരുതരമാകുന്ന കാഴ്ചയാണു കണ്ടുവരുന്നത്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ കോവിഡ് കൂടി ബാധിക്കുന്നതാണു പ്രശ്‌നം ഗുരുതരമാകുന്നത്. ഇറ്റലിയില്‍ 18,000 ഓളം പേരാണ് രോഗം ബാധിച്ചു മരിച്ചത്. ലോകത്താകെ മരണ സംഖ്യ 88,000 കടന്നു. യൂറോപ്പില്‍ രോഗം ബാധിച്ചു മരിച്ചതില്‍ 95% പേരും 60 വയസ്സു പിന്നിട്ടവരാണ്.

രോഗം മാറിയപ്പോള്‍ ഒന്നു നടക്കണമെന്നാണ് ആഡ സനൂസോ ഡോക്ടറോട് ആവശ്യപ്പെട്ടത്. തുടര്‍ന്നു കൊച്ചു മക്കള്‍ കളിക്കുന്നതു കണ്ടു. വീണ്ടും പരിശോധനാ ഫലം വരേണ്ടതിനാല്‍ നിലവില്‍ ഐസലേഷനില്‍ കഴിയുകയാണ് സനൂസോ. ഇറ്റലിയിലെ വടക്കു കിഴക്കന്‍ പ്രവിശ്യയായ വെനറ്റോയിലെ ട്രെവീസോയില്‍ വളര്‍ന്ന ആഡ സനൂസോ, ഏറെക്കാലം ടെക്‌സ്‌റ്റെയില്‍ വ്യവസായ രംഗത്തു ജോലി ചെയ്തിരുന്നു. പ്രായമായെങ്കിലും കാര്യമായ രോഗങ്ങളൊന്നും ഇവരെ ബാധിച്ചിട്ടില്ലെന്നാണു !ഡോക്ടര്‍ പറയുന്നത്. ഇറ്റലിയിലെ നഴ്‌സിങ് ഹോമുകളിലും മറ്റും താമസിക്കുന്ന പ്രായമായ ജനങ്ങള്‍ രോഗം മാറി ആരോഗ്യം വീണ്ടെടുക്കുന്നത് ഇറ്റാലിയന്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്. 100 വയസ്സു പിന്നിട്ടിട്ടും രോഗം മാറിയവരെ ഇറ്റലിയിലെ ജനങ്ങളും പ്രതീക്ഷയോടെ കാണുന്നു.

നഴ്‌സിങ് ഹോമുകളില്‍ മരിച്ച പ്രായമായവരില്‍ പലരുടേയും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. അതുകൊണ്ടു തന്നെ ഇറ്റലിയില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തിലും പ്രശ്‌നങ്ങളുണ്ട്. ഇറ്റലിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഏറെ സമ്മര്‍ദങ്ങള്‍ക്കു നടുവിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ പ്രായമായവര്‍ രോഗത്തെ അതിജീവിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കുറച്ചൊന്നുമല്ല ആശ്വാസം നല്‍കുന്നത്‌

pathram:
Leave a Comment