തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. രോഗബാധിതരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും പത്തില്‍ കൂടാത്തതാണ് പ്രതീക്ഷ നല്‍കുന്നത്. മാത്രവുമല്ല കഴിഞ്ഞ രണ്ട് ദിവസമായി പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലാണ് രോഗവിമുക്തി നേടുന്നവരുടെ എണ്ണമെന്നതും പ്രതീക്ഷ നല്‍കുന്നതാണ്.
അതേസമയം, ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ കോവിഡ് ബാധ രൂക്ഷമായ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും കുടുങ്ങിയവര്‍ കേരളത്തിലേക്ക് തിരിച്ചുവരുന്നത് രോഗവ്യാപനത്തിന്റെ മൂന്നാം വരവിന് ഇടയാക്കുമെന്ന വിലയിരുത്തലുമുണ്ട്. ജനുവരി 30ന് വുഹാനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് രോഗബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്. എന്നാല്‍ രോഗവ്യാപനത്തിനു മുമ്പ് തന്നെ ഇവരെ ഐസൊലേഷനിലാക്കി ചികിത്സിച്ചത് കേരളത്തെ സംബന്ധിച്ച് വലിയ നേട്ടമായിരുന്നു. ഇവര്‍ പിന്നീട് രോഗമുക്തരായതോടെ സംസ്ഥാനം സമ്പൂര്‍ണ്ണമായി കോവിഡ് മുക്തമായി.
പിന്നീട് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തിന് രോഗം സ്ഥിരീകരിച്ചതോടെയാണ് കേരളത്തില്‍ കോവിഡിന്റെ രണ്ടാം വരവുണ്ടാകുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിദേശങ്ങളില്‍ നിന്നെത്തിച്ചേര്‍ന്നവരിലൂടെയും സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായി. ഒരു ഘട്ടത്തില്‍ ഇന്ത്യയില്‍ തന്നെ ഏറ്റവും കോവിഡ് ബാധിതരുള്ള സംസ്ഥാനമായി കേരളം മാറിയിരുന്നു. എന്നാല്‍ കൃത്യമായ റൂട്ട് മാപ്പ് തയ്യാറാക്കലും ഐസോലേഷനും ലോക്ക്ഡൗണിലെ ശക്തമായ നിയന്ത്രണങ്ങളും അധികം വ്യാപനമുണ്ടാവാതെ കേരളത്തില്‍ കോവിഡിനെ തളച്ചിടാന്‍ വഴിയൊരുക്കി.
ഏറ്റവും ഒടുവില്‍ കോവിഡ് 19 രോഗവ്യാപനസ്ഥിതി സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗവും വിലയിരുത്തിയിരുത്തിയിരിക്കുകയാണ്. കേരളത്തേക്കാള്‍ കോവിഡ് ബാധിതര്‍ കുറവുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കേരളത്തേക്കാള്‍ ഇരട്ടിയിലധികമായി.
കൊറോണ ബാധിതനായ ഒരാള്‍ 2.6 പേര്‍ക്ക് രോഗം പകരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എന്നാല്‍ വിദേശത്തുനിന്ന് കേരളത്തിലെത്തിയ ഇരുന്നൂറ്റമ്പതോളം രോഗികള്‍ നൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് രോഗം പകര്‍ന്നത്. വിദേശത്ത് നിന്നെത്തിയവരുടെ കണക്കെടുത്ത് അവരെ കൃത്യമായി ക്വാറന്റൈനിലാക്കാന്‍ കഴിഞ്ഞതിലൂടെയാണ് ഇതിന് സാധിച്ചത്.
മാത്രവുമല്ല സമ്പര്‍ക്കത്തിലൂടെ ചിലരിലേക്ക് രോഗം പകര്‍ന്നെങ്കിലും സമ്പര്‍ക്കത്തിലൂടെ രോഗം വന്നവരിലൂടെ പിന്നീട് രോഗബാധയുണ്ടാവാതെ തടയാന്‍ കേരളത്തിനായി. സാമൂഹിക വ്യാപനവും കേരളത്തില്‍ ഉണ്ടായതായി സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിതരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ മരണനിരക്കും കേരളത്തില്‍ കുറവാണ്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കൂടിയ രോഗബാധിതര്‍ രോഗമുക്തി നേടിയതും കേരളത്തിലാണ്. ഇന്ത്യയില്‍ കോവിഡ് മരണനിരക്ക് 2.83% ആയിരിക്കെ കേരളത്തിലത് 0.58% മാത്രമാണ്.
പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അടക്കം ജില്ലകളിലെ സാഹചര്യങ്ങള്‍ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ജില്ലയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെങ്കിലും പൂര്‍ണമായും ആശ്വസിക്കാനായിട്ടില്ല.
അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ സംസ്ഥാനത്തേക്ക് ആളുകള്‍ കടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കണ്ടെത്തുന്നവരെ നിര്‍ബന്ധിത നിരീക്ഷണത്തിലേക്ക് മാറ്റുന്നുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് കൂടുതലാളുകള്‍ എത്തുന്നത്. ഈ മേഖലകളില്‍ നിരീക്ഷണം കര്‍ശനമാക്കാനും തീരുമാനമുണ്ട്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ 14ന് അവസാനിക്കാനിരിക്കെ, തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മന്ത്രിസഭ 13ന് ചേരും. വിദഗ്ധസമിതി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടിയാല്‍ അതനുസരിച്ച് ക്രമീകരണം നടത്താമെന്നാണ് ധാരണ.
ലോക്ഡൗണ്‍ അവസാനിച്ചാല്‍ ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ കൂട്ടത്തോടെ സംസ്ഥാനത്തേക്ക് വന്നേക്കും. വിമാന സര്‍വീസുകള്‍ തുടങ്ങിയാല്‍ വിദേശത്തുനിന്നുള്ളവരും എത്താനിടയുണ്ട്. രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളില്‍നിന്ന് കൂടുതലാളുകള്‍ എത്തിയാല്‍ അവരെ നിരീക്ഷണത്തിലാക്കേണ്ടി വരും. അനിയന്ത്രിതമായ തോതില്‍ ആളുകളെത്തുന്നത് വീണ്ടും പ്രശ്‌നം സൃഷ്ടിക്കും. സംസ്ഥാനത്തിനകത്തും ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്കും നിയന്ത്രണം തുടരുന്നതടക്കമുള്ള കരുതല്‍ നടപടികള്‍ കുറച്ചുനാള്‍കൂടി തുടരേണ്ടി വരുമെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
Leave a Comment