കൊറോണയെ പിടിച്ചുകെട്ടി കേരളം; രണ്ടാംവരവ് അവസാനിക്കുന്നു, മൂന്നാംവരവാണ് ഇനി വെല്ലുവിളിയെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: കൊറോണയുടെ രണ്ടാംവരവ് കേരളത്തില്‍ അവസാനിക്കുന്നതായി ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. പുതുതായി രോഗബാധിതരാകുന്നവരുടെ ശരാശരി എണ്ണം തുടര്‍ച്ചയായി 6 ദിവസം പത്തിലൊതുങ്ങിയതാണു കാരണം. കഴിഞ്ഞ രണ്ടു ദിവസമായി പുതിയ രോഗികളെക്കാള്‍ കൂടുതലാണു രോഗമുക്തരാകുന്നവരുടെ എണ്ണം. ജനുവരി 30നു വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു കോവിഡിന്റെ ആദ്യ വരവ്.

ഇന്ത്യയിലെ ആദ്യ കൊറോണ രോഗബാധയായിരുന്നു ഇത്. മൂന്നു വിദ്യാര്‍ഥികളും സുഖം പ്രാപിച്ചതോടെ കേരളം രോഗമുക്തമായി. ഇറ്റലിയില്‍നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും അവര്‍ വഴി 2 ബന്ധുക്കള്‍ക്കും മാര്‍ച്ച് 8നു രോഗം സ്ഥിരീകരിച്ചതോടെ കൊറോണയുടെ രണ്ടാം വരവായി. പിന്നീട് വിദേശത്തുനിന്നെത്തിയ നൂറുകണക്കിനു പേര്‍ക്കും അവര്‍ വഴി കേരളത്തിലെ 99 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതാണ് ഇപ്പോള്‍ ഏറെക്കുറെ പൂര്‍ണമായി നിയന്ത്രണത്തിലാകുന്നത്.

ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും കേരളത്തിലെത്തുന്നവര്‍ വഴി ഉണ്ടാകാന്‍ സാധ്യതയുള്ള മൂന്നാംവരവാണ് ഇനി വെല്ലുവിളി. ഏപ്രില്‍ 3 മുതല്‍ 8 വരെയുള്ള ആറു ദിവസം പുതുതായി കണ്ടെത്തിയ രോഗികളുടെ എണ്ണം 59 മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിലെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴാണ് കേരളത്തില്‍ രോഗികള്‍ കുറയുന്നത്. ക്വാറന്റീന്‍ കാലാവധി തീരുന്നതോടെ നിരീക്ഷണത്തിലുള്ളവര്‍ കുറഞ്ഞുവരുന്നതിനാല്‍ ഇനി രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കാനിടയില്ലെന്നാണു വിലയിരുത്തല്‍. ഇതേസമയം, കൊറോണ വൈറസ് 5% ആളുകളില്‍ 20 ദിവസം വരെ സജീവമായി നിലനില്‍ക്കുമെന്നതിനാല്‍ ഭീഷണി പൂര്‍ണമായി ഒഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ നാല് പ്രധാന നേട്ടങ്ങള്‍

1. ഒരു രോഗിയില്‍ നിന്ന് 2.6 പേര്‍ക്ക് രോഗം പകരാമെന്നതാണ് രാജ്യാന്തര ശരാശരി. കേരളത്തില്‍ പുറത്തുനിന്നെത്തിയത് 254 രോഗികള്‍; പകര്‍ന്നത് 91 പേരിലേക്ക് മാത്രം.

2. സമ്പര്‍ക്കത്തിലൂടെ രോഗം വന്നവര്‍ പുതുതായി ആര്‍ക്കും രോഗം പകര്‍ന്നുനല്‍കിയില്ല.

3. കേരളത്തില്‍ പൊതുസ്ഥലങ്ങളില്‍ നിന്ന് രോഗം പകര്‍ന്നതായി ഇതുവരെ തെളിവില്ല.

4. കേരളത്തില്‍ മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെ

കോവിഡ് മരണനിരക്ക്
ലോകത്ത് – 5.75%
ഇന്ത്യയില്‍ – 2.83%
കേരളത്തില്‍ – 0.58%

pathram:
Leave a Comment