തൃശൂര്‍: കുന്നംകുളം ഭാഗങ്ങളില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കണ്ടുവന്ന അജ്ഞാത രൂപം ഒടുവില്‍ എംഎല്‍എയുടെ വീട്ടിലും എത്തിയെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ പുറനാട്ടുകരയില്‍ അനില്‍ അക്കര എംഎല്‍എ താമസിക്കുന്ന വീട്ടിലാണ് സംഭവം. പുലര്‍ച്ചെ അഞ്ചരയോടെയാണ് വീടിനു പുറകിലെ പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാള്‍ നില്‍ക്കുന്നത് കണ്ടത്. കുറച്ചു കഴിഞ്ഞപ്പോള്‍ പശുത്തൊഴുത്തിനു സമീപത്തു നിന്ന് ആള്‍ നടന്നു പോയെന്ന് വീട്ടമ്മ സിമിലി പറയുന്നു.
വീടിനു പുറകില്‍ പശുത്തൊഴുത്തുണ്ട്. ഇതിനു സമീപത്താണ് പുലര്‍ച്ചെ അഞ്ചരയ്ക്കു ആളെ കണ്ടത്. പശുവിനു വെള്ളം കുടിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന വലിയ പാത്രത്തില്‍ പൂച്ചയുടെ തല അറുത്തു മാറ്റിയ നിലിയില്‍ കണ്ടെത്തി. എല്ലാദിവസവും ഈ പാത്രത്തിലെ വെള്ളം മാറ്റാറുണ്ട്. പൂച്ചത്തല കൂടി കണ്ടതും തൊഴുത്തിനു സമീപം ആളെ കണ്ടതും കൂടി കൂട്ടിവായിച്ചപ്പോഴാണ് സംഗതി ഗൗരവമാണെന്ന് ബോധ്യപ്പെട്ടത്. എംഎല്‍എ കുടുംബസമേതം താമസിക്കുന്ന വീട്ടില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായത് സാമൂഹികവിരുദ്ധര്‍ വാര്‍ത്താ പ്രാധാന്യത്തിനു വേണ്ടി ചെയ്തതാകാമെന്നു പൊലീസ് സംശയിക്കുന്നു.
അജ്ഞാത രൂപത്തിന്റെ കിംവദന്തികള്‍ നാടൊട്ടുക്കും പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയും പൊലീസും ആവര്‍ത്തിച്ച് അജ്ഞാതരൂപമില്ലെന്ന് പറഞ്ഞിരുന്നു. സാമൂഹിക വിരുദ്ധരുടെ വികൃതികള്‍ക്ക് കൂറേക്കൂടി വിശ്വാസ്യത കിട്ടാനാകും എംഎല്‍എയുടെ വീട് തിരഞ്ഞെടുത്തതെന്ന് പൊലീസ് സംശയിക്കുന്നു.
തൃശൂര്‍ പേരാമംഗലം പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരികയാണ്. എംഎല്‍എയുടെ വീടിനു സമീപത്തെ ഏതെങ്കിലും സിസിടിവി കാമറകളില്‍ പൂച്ചത്തല കൊണ്ടുവന്നയാളെ തിരിച്ചറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പൂച്ചയുടെ തല മറ്റെവിടെയെങ്കിലും അറുത്തുമാറ്റിയ ശേഷമാകാം എംഎല്‍എയുടെ വീട്ടില്‍ കൊണ്ടിട്ടത്.
ഉടലിന്റെ മറ്റുഭാഗം കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുന്നംകുളത്തും കോഴിക്കോടും അജ്ഞാതരൂപത്തെ കണ്ടെന്ന പേരില്‍ നാട്ടുകാര്‍ പരിഭ്രാന്തിയിലായിരുന്നു. ലോക്ഡൗണ്‍ പ്രമാണിച്ച് വീട്ടിലിരിക്കേണ്ടി വന്ന സാമൂഹിക വിരുദ്ധരുടെ മനസില്‍ ഉദിച്ച ആശയമാകാം പൂച്ചത്തലയെന്നു പൊലീസ് സംശയിക്കുന്നു.
Leave a Comment