ന്യൂ!ഡല്‍ഹി : ലോകമാകെ കൊറോണ ഭീതിയിലാണ്. ഇതിനിടെ ആകാശത്ത് അപൂര്‍വ സഹകരണത്തിനു കൈകോര്‍ത്ത് ഇന്ത്യയും പാക്കിസ്ഥാനും. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളുമായി കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കു തിരിച്ച എയര്‍ ഇന്ത്യ വിമാനമാണു സഹകരണത്തിന്റെ ആകാശച്ചിറകില്‍ പറന്നത്.
പാക്കിസ്ഥാന്റെ വ്യോമപാതയില്‍ കടന്നയുടന്‍ എയര്‍ ഇന്ത്യ പൈലറ്റിനെ അഭിവാദ്യം ചെയ്ത് പാക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചു – ‘കോവിഡ് ദൗത്യത്തിന്റെ ഭാഗമാണോ യാത്ര?’ ‘അതെ’ എന്ന മറുപടിക്കു പിന്നാലെ എയര്‍ ഇന്ത്യയെ പുകഴ്ത്തി പാക്ക് ഉദ്യോഗസ്ഥന്റെ വാക്കുകളെത്തി – ‘രോഗം പടര്‍ന്നു പിടിക്കുമ്പോഴും പ്രത്യേക സര്‍വീസുകള്‍ നടത്തുന്ന നിങ്ങളില്‍ അഭിമാനിക്കുന്നു. എല്ലാ ആശംസകളും’!
ജീവിതത്തിലാദ്യമായാണ് പാക്ക് അധികൃതരില്‍ നിന്ന് ഇത്തരമൊരു സന്ദേശം ലഭിക്കുന്നതെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യാത്രാദൂരം പരമാവധി കുറയ്ക്കാന്‍ കറാച്ചിക്കു മുകളിലൂടെ പറക്കാനും വിമാനത്തെ അനുവദിച്ചു. തന്ത്രപ്രധാന സേനാ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന മേഖലയ്ക്കു മുകളിലൂടെയുള്ള യാത്രയ്ക്ക് മുന്‍പ് പലപ്പോഴും പാക്ക് അധികൃതര്‍ അനുമതി നിഷേധിച്ചിട്ടുണ്ട്.
ഇറാനിലേക്കു കടക്കവേ ബുദ്ധിമുട്ട് നേരിട്ട വിമാനത്തെ സഹായിക്കാനും പാക്കിസ്ഥാന്‍ തയാറായി. എയര്‍ ട്രാഫിക് അധികൃതരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന പൈലറ്റിന്റെ സന്ദേശം പാക്ക് അധികൃതര്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ വ്യോമകേന്ദ്രത്തില്‍ അറിയിച്ചു. വിമാനത്തിന്റെ വിശദാംശങ്ങളും കൈമാറി. പിന്നാലെ പൈലറ്റിനെ ബന്ധപ്പെട്ട ഇറാന്‍ അധികൃതര്‍ അവരുടെ സേനാപാത തുറന്നുകൊടുത്തു.
Leave a Comment