കുന്നംകുളത്തെ അജ്ഞാത രൂപം ദേ ഇതാണെന്ന് പോലീസ്

തൃശൂര്‍: കുന്നംകുളത്തും പരിസര പ്രദേശങ്ങളിലും രാത്രികാലങ്ങളില്‍ അജ്ഞാത ജീവിയെ കണ്ടെന്ന പ്രചാരണത്തില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് പൊലീസ്. രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ മാനസികവിഭ്രാന്തിയോ ആണ് ഇതിനു പിന്നിലെന്നാണ് മാനസിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നതെന്ന് തൃശൂര്‍ ജില്ലാ പൊലീസ് ഫെയ്‌സ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇത്തരം മാനസികാവസ്ഥ മുതലെടുത്തുകൊണ്ട് കുബുദ്ധികളാരോ ഭീകരജീവിയുടെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്ന ശബ്ദസന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനിടയായി. വാമൊഴിയായും സമൂഹമാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ചിലരെങ്കിലുമുണ്ട് നമുക്കിടയില്‍. ദിവസങ്ങള്‍കൊണ്ട് ഈ വാര്‍ത്ത നിരവധിയാളുകളിലേക്ക് എത്തിച്ചേര്‍ന്നു. സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വാഹന പരിശോധന, നൈറ്റ് പട്രോളിങ്, ഇരുചക്ര വാഹനങ്ങളിലും ജീപ്പുകളിലുമായി പൊലീസ് പട്രോളിങ് എന്നിങ്ങനെ ജനങ്ങളുടെ സമ്പൂര്‍ണ സുരക്ഷയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നത്.

ഈ ഡ്യൂട്ടികള്‍ക്കിടയില്‍ ബ്ലാക്ക്മാനോ അപൂര്‍വ ജീവിയോ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ബ്ലാക്ക് മാന്‍, അപൂര്‍വ ജീവി എന്നിവ പരാമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴി അഭ്യൂഹ പ്രചാരണം നടത്തുന്നവരെ സൈബര്‍സെല്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടം കൂടുന്നതും അകാരണമായി വീടുവിട്ടിറങ്ങി സഞ്ചരിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അപൂര്‍വ ജീവി, വലിയ ശരീരവലിപ്പവും കായികശേഷിയുമുള്ള മനുഷ്യന്‍ തുടങ്ങിയ വിശേഷണങ്ങള്‍ നല്‍കി, ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന വാര്‍ത്തകള്‍ നിരവധിയാണ്. കുന്നംകുളം പ്രദേശത്തുനിന്നും ഈ വാര്‍ത്ത ക്രമേണ ജില്ലയുടെ മറ്റ് പ്രദേശത്തേക്കും വ്യാപിച്ചു.

സംഭവങ്ങളുടെ നിജസ്ഥിതി എന്ത് ?

കോവിഡ് വൈറസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ വ്യവസായശാലകളോ കച്ചവട കേന്ദ്രങ്ങളോ പ്രവര്‍ത്തിക്കുന്നില്ല. ജനങ്ങള്‍ മുഴുവനും വീടുകളില്‍ കഴിയുന്നതിനാല്‍ രാത്രികാലങ്ങളില്‍ സമ്പൂര്‍ണ നിശബ്ദതയാണ് അനുഭവപ്പെടുന്നത്. ബ്ലാക്ക്മാനോ അപൂര്‍വ ജീവിയോ ആരുമാകട്ടെ, ഇത്തരത്തിലൊന്നിനെ യഥാര്‍ഥത്തില്‍ ആരും കണ്ടിട്ടില്ല.

രാത്രിയില്‍ എന്തെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങിയ ഏതോ ഒരാള്‍ക്ക് ഇരുട്ടിന്റെ പേടികൊണ്ട് അനുഭവപ്പെട്ട മായക്കാഴ്ചയോ മാനസികവിഭ്രാന്തിയോ ആണ് ഇതിനു പിന്നിലെന്നാണ് മാനസിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഈ മാനസികാവസ്ഥ മുതലെടുത്തുകൊണ്ട് കുബുദ്ധികളാരോ ഭീകരജീവിയുടെ വിശേഷണങ്ങള്‍ പരാമര്‍ശിക്കുന്ന ശബ്ദസന്ദേശങ്ങളും വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനിടയായി. വാമൊഴിയായും സാമൂഹ്യമാധ്യമങ്ങള്‍ വഴിയും പ്രചരണം നടത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ചിലരെങ്കിലുമുണ്ട് നമുക്കിടയില്‍.

ദിവസങ്ങള്‍കൊണ്ട് ഈ വാര്‍ത്ത നിരവധിയാളുകളിലേക്ക് എത്തിച്ചേര്‍ന്നു. സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എത്രതന്നെ ധൈര്യവും ആത്മവിശ്വാസമുള്ളവരാണെങ്കിലും ഇത്തരം വാര്‍ത്തകള്‍ കേള്‍ക്കാനിടയാവുന്നവര്‍ക്ക് കുറച്ചുനാളത്തേക്കെങ്കിലും ഇരുട്ടിനേയും ഒറ്റപ്പെട്ട സ്ഥലങ്ങളേയും പേടി തോന്നാന്‍ സാധ്യതയുണ്ട്. രാത്രികാലങ്ങളില്‍ ജനങ്ങള്‍ സംഘടിച്ച് ടോര്‍ച്ചും വടിയുമൊക്കെയായി പുറത്തിറങ്ങി നടക്കുന്ന സംഭവങ്ങള്‍ കുന്നംകുളം മേഖലയിലെ ചില സ്ഥലങ്ങളില്‍ നിന്നും റിപ്പോര്‍ട്ടായിട്ടുണ്ട്. എന്നാല്‍ ഒരാഴ്ച പിന്നിട്ടിട്ടും ഇത്തരത്തിലൊരാളേയോ ജീവിയെയോ ജനങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും സാധാരണ പൊലീസിങ്ങ് നടപടികളുടെ ഭാഗമായും തൃശൂര്‍ സിറ്റി പൊലീസ് ജില്ലയില്‍ രാത്രികാലങ്ങളില്‍ 500 ല്‍പരം ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. വാഹന പരിശോധന, നൈറ്റ് പട്രോളിങ്ങ്, ഇരുചക്ര വാഹനങ്ങളിലും ജീപ്പുകളിലുമായി പൊലീസ് പട്രോളിങ് എന്നിങ്ങനെ ജനങ്ങളുടെ സമ്പൂര്‍ണ സുരക്ഷയൊരുക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഈ ഡ്യൂട്ടികള്‍ക്കിടയില്‍ ബ്ലാക്ക്മാനോ അപൂര്‍വ ജീവിയോ ഒരു ഉദ്യോഗസ്ഥന്റേയും ശ്രദ്ധയില്‍പെട്ടിട്ടില്ല.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങള്‍ കൂട്ടം കൂടുന്നതും അകാരണമായി വീടുവിട്ടിറങ്ങി സഞ്ചരിക്കുന്നതും നിയമവിരുദ്ധമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ബ്ലാക്ക് മാന്‍, അപൂര്‍വ ജീവി എന്നിവ പരാമര്‍ശിച്ചുകൊണ്ട് സമൂഹമാധ്യമങ്ങള്‍ വഴി അഭ്യൂഹ പ്രചാരണം നടത്തുന്നവരെ സൈബര്‍സെല്‍ നിരീക്ഷിക്കുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും.

ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ വഴി ബ്ലാക്മാനെ കണ്ടതായി പ്രചരിക്കുന്ന ഒരു ചിത്രം സൈബര്‍സെല്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ഇതേ ചിത്രം ഉപയോഗിച്ച് 2012 ല്‍ ദിനോസോറിനെ കണ്ടതായി അഭ്യൂഹപ്രചരണം നടത്തിയതായി കാണപ്പെട്ടിട്ടുള്ളതാണ്. ബ്ലാക്ക് മാന്‍, അപൂര്‍വ ജീവി എന്നിവ പരാമര്‍ശിച്ചുകൊണ്ട് ഏതെങ്കിലും രീതിയിലുള്ള ചലഞ്ചുകളോ മൊബൈല്‍ഫോണ്‍ ഗെയിമുകളോ സംഘടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതാണ്. ജനങ്ങളോട് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ സുഖമായി ഉറങ്ങിക്കൊള്ളുക, ഞങ്ങളിവിടെ കാവലുണ്ട്.

pathram:
Leave a Comment