ആഫ്രിക്കയിലെ ജിബൂട്ടിയില്‍ കുടുങ്ങി മലയാളത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമടങ്ങുന്ന 70 ഓളം പേര്‍

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോകം മുഴുവന്‍ ലോക്ക്ഡൗണിലാണ്. എല്ലാ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ച് ജനങ്ങള്‍ സ്വന്തം വീടുകളില്‍ കഴിഞ്ഞു കൂടുകയാണ്. ഇതിനിടെ മലയാള സിനിമ മേഖലയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംങ് പുരോഗമിക്കുന്നുണ്ട്. ‘ജിബൂട്ടി’ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരണവുമായി കഴിയുന്നത്.

സംവിധായകന്‍ എസ്‌ജെ സിനു, ക്യാമറാമാന്‍ ടിഡി ശ്രീനിവാസ്, താരങ്ങളായ ദിലീഷ് പോത്തന്‍, ഗ്രിഗറി, അമിത് ചക്കാലക്കല്‍, ഷാഗുന്‍ ജെയ്‌സ്വാള്‍, അഞ്ജലി നായര്‍ ഉള്‍പ്പെടെ 70 പേരടങ്ങുന്ന സംഘമാണ് ഇവിടെയുള്ളത്. ജിബൂട്ടിയുടെ അതിര്‍ത്തിയായ തജൂറിലാണ് ഇവര്‍. ജിബൂട്ടിയും ലോക്ക് ഡൗണിലാണ് എന്നാല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടുള്ള ചിത്രീകരണമാണ് പുരോഗമിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ജിബൂട്ടിയില്‍ ബിസിനസുകാരനായ മലയാളി ജോബി പി സാമും ഭാര്യയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. എന്നാല്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കില്ല. ജിബൂട്ടി സര്‍ക്കാരിന്റേയും ഇന്ത്യന്‍ എംബസിയുടേയും പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സംഘം അറിയിച്ചു.

ആടുജീവിതം സിനിമയുടെ അണിയറ പ്രവര്‍ത്തകരും ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങിയിരുന്നു. നടന്‍ പൃഥ്വിരാജും സംവിധായകന്‍ ബ്ലസിയും ഉള്‍പ്പെടെയുള്ള 58 പേരുടെ സംഘമാണ് ജോര്‍ദാനിലുള്ളത്. ജോര്‍ദാനില്‍ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘത്തിന് ഉടന്‍ നാട്ടിലേക്ക് മടങ്ങാന്‍ ആകില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. നിരവധി സാധാരണക്കാര്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

pathram:
Leave a Comment