കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ചിലയിടങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടുകയോ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയോ ചെയ്‌തേക്കാമെന്ന് സൂചന. ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കാര്യമായി എടുക്കാതെ അനുസരിക്കാതിരിക്കുകയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയും ചെയ്താല്‍ ലോക്ക്ഡൗണ്‍ നീട്ടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജോഷ് തോപ്പിന്റെ പ്രസ്താവനയാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണം. മഹാരാഷ്ട്രയില്‍ മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നാണ് മന്ത്രിയുടെ വാദം.
കൊറോണ വ്യാപനം തടയുന്നതിനായി മൂന്നാഴ്ചത്തേക്കാണ് രാജ്യവ്യാപക ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതിന്റെ കാലാവധി ഏപ്രില്‍ 14 ന് അവസാനിക്കും. എന്നാല്‍ ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിന് പകരം ഘട്ടം ഘട്ടമായിട്ടാകും നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക എന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി ഓരോ സംസ്ഥാനങ്ങളിലും സമിതികള്‍ രൂപീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയിലാണ് കൊറോണ ബാധിതര്‍ കൂടുതലുള്ളത്. 2,902 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 68 പേര്‍ മരിച്ചു. ഇന്ത്യയിലേറ്റവും കൂടുതല്‍ രോഗബാധയുള്ളതും മരണം(26) രേഖപ്പെടുത്തിയതും മഹാരാഷ്ട്രയിലാണ്. ഏപ്രില്‍ 14ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കുന്ന സമിതികള്‍ അതാത് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കണം. പ്രാധാന്യം അനുസരിച്ച് ലോക്ക്ഡൗണ്‍ സമയപരിധി നീട്ടുകയോ രോഗവ്യാപനത്തിന്റെ തോതനുസരിച്ച് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയോ ചെയ്‌യാം.
അതേസമയം മുംബൈ, ബെംഗളൂരു, ഡല്‍ഹി തുടങ്ങിയ നഗരങ്ങളിലെ പൊതുഗതാഗത സംവിധാനങ്ങള്‍ പല ഘട്ടങ്ങളായി പുനഃസ്ഥാപിച്ചേക്കുമെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ദക്ഷിണേഷ്യയില്‍ ഇന്ത്യ കഴിഞ്ഞാല്‍ കൊറോണ സ്ഥിരീകരിവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം പാകിസ്താനാണ്. 2,547പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ 37 പേര്‍ മരിക്കുകയും ചെയ്തു.
എന്തായാലും ഇന്ത്യയില്‍ ലോക്ക്‌ഡോണ്‍ പിന്‍വലിക്കണമെങ്കില്‍ ഇനിയുള്ള ദിവസങ്ങളില്‍ കൊറോണ വ്യാപനം എങ്ങനെയാണെന്ന് അനുസരിച്ചായിരിക്കുമെന്നതില്‍ സംശയമില്ല.
Leave a Comment