ഞാൻ ഒരിക്കലും മാസ്ക് ധരിക്കാൻ പോകുന്നില്ല: ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ

കോവിഡ് മൂ‌ലമുള്ള മരണങ്ങൾ ക്രമാതീതമായി ഉയർന്നതോടെ വൈറസ് വ്യാപനം കുറയ്ക്കാന്‍ മാസ്ക് ധരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന വിവാദത്തിൽ.

ദിനംപ്രതിയുള്ള കോവിഡ്-19 അവലോകന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്. യുഎസ് ഏജൻസിയായ സെന്‍റർ ഓഫ് ഡിസീസ് കൺട്രോൾ(സിഡിസി) പുറത്തിറക്കിയ മാർഗനിർദേശങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ വിവാദപ്രസ്താവന.

ലോകരാജ്യങ്ങളിലെ വലിയ നേതാക്കൻമാർ, രാജാക്കൻമാർ, റാണിമാർ തുടങ്ങിയവരെയൊക്കെ മാസ്‌ക് ധരിച്ചു കൊണ്ട് സ്വീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഞാൻ ഒരിക്കലും മാസ്ക് ധരിക്കാൻ പോകുന്നില്ല, നിങ്ങളും വേണമെങ്കിൽ ധരിച്ചാൽ മതി– ട്രംപ് പറഞ്ഞു.

കോവിഡ് ലക്ഷണങ്ങൾ കാണിക്കാത്ത ഒരാളില്‍നിന്നും പകരാനുള്ള സാധ്യത ഉണ്ടെന്നിരിക്കെ മാസ്‌ക് ധരിക്കണമെന്നത് നിർബന്ധമാക്കണമെന്നും തുണികൊണ്ടുള്ളതോ ഫാബ്രിക് മാസ്‌കുകളോ വീണ്ടും ഉപയോഗിക്കാവുന്നതാണെന്നും അവലോകനയോഗത്തിൽ ട്രംപ് പറഞ്ഞിരുന്നു.

സിഡിസിയുടെ നിർദേശത്തോട് വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ വിയോജിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മാസ്ക് ധരിക്കണമെന്ന നിർദേശം ജനങ്ങളിൽ ഭീതിയുണ്ടാക്കുമെന്നാണ് ഇവരുടെ വാദം. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സമൂഹവ്യാപനം നടക്കുന്ന രാജ്യമാണ് യുഎസ്. രോഗബാധിതരുടെ എണ്ണത്തിൽ യുഎസ് തന്നെയാണ് ഇപ്പോഴും മുന്നിൽ. ഏപ്രിൽ 3ന് മാത്രം അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മരണസംഖ്യ 1480 ആണെന്ന് ജോൺ ഹോപ്‍കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ഇതോടെ കോവിഡ് മൂലം ഒരുദിവസം ഏറ്റവുമധികം പേർ മരിച്ച രാജ്യമായി യുഎസ് മാറി. ആകെ മരണം 7000 കവിഞ്ഞു. ഒറ്റ ദിവസം 30,000 ലേറെ പേർക്കു രോഗം സ്ഥിരീകരിച്ചു. 2500 ലേറെ മരണം സംഭവിച്ച ന്യൂയോർക്കിൽ മോർച്ചറികൾ നിറഞ്ഞുകവിഞ്ഞു. 45 മൊബൈൽ മോർച്ചറി കേന്ദ്രങ്ങളും രാപകൽ പ്രവർത്തിക്കുകയാണ്. രാത്രി വൈകിയും കൂട്ടസംസ്കാരങ്ങൾ നടക്കുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

pathram desk 2:
Related Post
Leave a Comment