കോട്ടയം: കൊറോണ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വയോധിക ദമ്പതികള്‍ ആശുപത്രി വിട്ടു. വെള്ളിയാഴ്ച വൈകിട്ടു മൂന്നു മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു മടങ്ങിയത്. പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) ഭാര്യ മറിയാമ്മ (88) എന്നിവരാണ് വീട്ടിലേക്കു മടങ്ങിയത്. കഴിഞ്ഞ ദിവസം തന്നെ ഇവരുടെ രോഗം ഭേദമായിരുന്നു.
തുടര്‍ പരിശോധനകള്‍ക്കായാണു രണ്ടു ദിവസം കൂടി ആശുപത്രിയില്‍ കഴിഞ്ഞത്. ഇന്നു രാവിലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് ഇരുവരേയും വീട്ടിലേക്ക് അയക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊറോണ ബാധിച്ച ശേഷം രോഗം ഭേദമായി മടങ്ങുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയയാളാണു തോമസ് എന്ന 93കാരന്‍. രോഗികളെ ചികിത്സിക്കുന്നതിനിടെ രോഗം പിടിപെട്ട ആരോഗ്യ പ്രവര്‍ത്തകയും ആശുപത്രി വിട്ടു.
കൊറോണ രോഗം ബാധിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവരെ വലച്ചിരുന്നില്ല. രോഗം ഭേദമായെന്ന പരിശോധനാ ഫലം ലഭിച്ചതോടെ ഇവരും ഇന്ന് ആശുപത്രി വിടുകയായിരുന്നു. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ കോവിഡ് 19 ബാധിച്ചു ചികിത്സയില്‍ പ്രവേശിപ്പിച്ച എല്ലാവരും ആശുപത്രി വിട്ടു. അഞ്ച് പേരായിരുന്നു ഇവിടെ കൊറോണ ബാധിച്ച് അഡ്മിറ്റ് ചെയ്തിരുന്നത്.
Leave a Comment