ഡോക്റ്ററുടെ കുറുപ്പടി ഉണ്ടോ..? ആഴ്ചയില്‍ മൂന്ന് ലിറ്റര്‍ മദ്യം വീട്ടിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ കുറിപ്പടിയുള്ളവര്‍ക്ക് മദ്യം നല്‍കാനുള്ള മാര്‍ഗരേഖ തയാറായി. സര്‍ക്കാര്‍ ഡോക്ടര്‍ നല്‍കുന്ന കുറിപ്പടിയുള്ളവര്‍ക്കു മാത്രം മദ്യം ലഭിക്കും. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുമായി വന്നാല്‍ എക്‌സൈസ് ഇത് ബെവ്‌കോയ്ക്കു കൈമാറും. ഒരാഴ്ച മൂന്ന് ലീറ്റര്‍ മദ്യം ബെവ്‌കോ അപേക്ഷകരുമായി ബന്ധപ്പെട്ടശേഷം നിബന്ധനകളോടെ കൈമാറും.

റമ്മിനും ബ്രാന്‍ഡിക്കുമാണ് കൂടുതല്‍ അപേക്ഷകരുള്ളത്. മദ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ ആശയക്കുഴപ്പം നിലനിന്നിരുന്നു. വ്യക്തമായ മാര്‍ഗ നിര്‍ദേശം പുറത്തു വന്നശേഷം അപേക്ഷകള്‍ പരിഗണിച്ചാല്‍ മതിയെന്നായിരുന്നു എക്‌സൈസ് തീരുമാനം. ഇന്ന് എറണാകുളത്തും അങ്കമാലിയിലും വാരാപ്പുഴയിലും പാലക്കാട്ടും ഡോക്ടര്‍മാരുടെ കുറിപ്പടികളുമായി ആവശ്യക്കാരെത്തി. എന്നാല്‍ എറണാകുളത്ത് എത്തിയ അപേക്ഷകന്‍ സമര്‍പ്പിച്ചത് റിട്ടയര്‍ ചെയ്ത ഡോക്ടറുടെ കുറിപ്പടിയാണെങ്കില്‍ പലരും സമര്‍പ്പിച്ചത് സ്വകാര്യ ഡോക്ടര്‍മാരുടെ കുറിപ്പടികള്‍.

എന്നാല്‍ ഇവയൊന്നും പരിഗണിക്കാനാവില്ലെന്നു പറഞ്ഞ് മടക്കി അയച്ചതായാണു വിവരം. ഡോക്ടറുടെ കുറിപ്പടിയില്‍ ‘ആല്‍ക്കഹോള്‍ വിത്‌ഡ്രോവല്‍ സിന്‍ഡ്രം’ എന്ന് എഴുതി നല്‍കിയാല്‍ മതി എന്നാണു സര്‍ക്കാര്‍ ഉത്തരവിലുള്ളത്. എന്നാല്‍ ഇതിന്റെ തുടര്‍ നടപടികളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. എത്ര അളവില്‍ എത്ര ദിവസത്തേയ്ക്കു നല്‍കണമെന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്തതായിരുന്നു പ്രധാന പ്രശ്‌നം. തുടര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറങ്ങിയത്.

ആവശ്യക്കാരുടെ എണ്ണം കൂടുന്നതോടെ എക്‌സൈസിന് ഇതു വരും ദിവസങ്ങളില്‍ ബാധ്യതയാകാനും ഇടയുണ്ട്. കുറിപ്പടികള്‍ യഥാര്‍ഥമാണോ എന്ന് ഉറപ്പു വരുത്തുകയായിരിക്കും എക്‌സൈസിന്റെ മുന്നിലുണ്ടാകുന്ന വലിയ ഒരു വെല്ലുവിളി. വ്യാജ കുറിപ്പടികള്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗനിര്‍ദേശം ലഭിക്കേണ്ടതുണ്ടെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

pathram:
Leave a Comment