തിരുവനന്തപരുത്തെ കോവിഡ് മരണം; പകര്‍ന്നത് ബന്ധുവില്‍ നിന്നാണെന്ന് സംശയം

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസിന് വൈറസ് ബാധയേറ്റത് ബന്ധുവില്‍ നിന്നാണേയെന്ന് സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ ഭയപ്പെടേണ്ട കാര്യമില്ലെന്നും ബന്ധുക്കളെയൊക്കെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതാണെന്നും ആരോഗ്യ വകുപ്പ് ക്യത്യമായ മുന്‍കരുതലെടുത്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അബ്ദുല്‍ അസീസില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായില്ലെന്നത് സങ്കടകരമാണ്. പിന്നീട് ബന്ധുക്കളില്‍ നിന്നാണ് വിവരം ശേഖരിച്ചത്. കോണ്ടാക്റ്റ് ആണെന്ന് ഉറപ്പാണ്. സാമൂഹ്യ വ്യാപനം നടന്നുവെന്ന് ഈ കേസു കൊണ്ട് പറയാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു മരണം പോലും ഉണ്ടാകരുതെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍ അബ്ദുല്‍ അസീസിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ പരമാവധി പരിശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതുകൊണ്ടാണ് പ്രായമായവര്‍ ശ്രദ്ധിക്കണമെന്ന് പറയുന്നതെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ മൃതദേഹം പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കും. ബന്ധുക്കള്‍ ഇതിനോട് സഹകരിക്കുന്നുണ്ടെന്നും സംശയിക്കപ്പെടുന്നവരുടെ എല്ലാം പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

pathram:
Related Post
Leave a Comment