കൊറോണ; 500 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാമാരിയെക്കുറിച്ച് പ്രവചിച്ച ജ്യോതിഷി

ലണ്ടന്‍ : ലോകം മുഴുവന്‍ കാര്‍ന്ന് തിന്നുന്ന കൊറോണ വൈറസ് ഭീതിയിലാണ് എല്ലാവരും. ചൈനയിലെ വുഹാനിലെ ഒരു സീഫുഡ് മാര്‍ക്കറ്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് ലോകം മുഴുവന്‍ ആശങ്ക സൃഷ്ടിക്കുകയാണ്. ജാഗ്രതയിലും മുന്‍കരുതലിലുമാണ് ലോകം മുഴുവനും. കൊറോണയെ പറ്റി നിരവധി വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഈ മഹാമാരിയെ കുറിച്ച് പലരും മുന്‍പ് തന്നെ പ്രവചനങ്ങള്‍ നടത്തിയിരുന്നെന്ന് പലരും അവകാശപ്പെട്ട് എത്തുന്നുണ്ട്.

എന്നാല്‍ 1503ല്‍ ഫ്രാന്‍സില്‍ ജനിച്ച ജ്യോതിഷിയും വൈദ്യശാസ്ത്രജ്ഞനുമായ നോസ്ട്രഡാമസും ഈ മഹാമാരിയെ കുറിച്ച് പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് ചിലര്‍ തെളിവുകള്‍ നിരത്തി അവകാശപ്പെടുന്നത്്.

16ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷിയായിരുന്ന നോസ്ട്രഡാമസിന്റെ അതീന്ദ്രിയജ്ഞാനം നൂറ്റാണ്ടുകളായി പ്രസിദ്ധമാണ്. മൈക്കല്‍ ഡി നോസ്ട്രഡാം എന്ന നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ ‘ലെസ് പ്രൊഫെറ്റീസ്’ എന്ന പേരില്‍ 1555ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ലോകത്ത് ഇന്നേവരെയുണ്ടായ ചരിത്രപ്രധാനമായ പല സംഭവവികാസങ്ങളും നോസ്ട്രഡാമസിന്റെ ഈ പുസ്തകത്തില്‍ പറയുന്നുണ്ടെന്നാണ് ചരിത്രം പറയുന്നു. ഇപ്പോള്‍ ലോകം മുഴുവന്‍ ഭീഷണിയായ കൊറോണയെ പറ്റിയും നോസ്ട്രഡാമസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നാണ് ചിലരുടെ വാദം. ഏകദേശം 500 വര്‍ഷങ്ങള്‍ക്കു മുമ്പ് മഹാമാരികള്‍ ഭാവിയില്‍ മനുഷ്യന് നാശം വിതയ്ക്കുമെന്നാണ് നോസ്ട്രഡാമസ് പ്രവചിച്ചത്.

കടലിന്റെ തീരത്തുള്ള ഒരു നഗരത്തില്‍ മഹാമാരി നാശം വിതയ്ക്കുമെന്നും പ്രതികാരം പോലെ മരണം പടര്‍ന്നു പിടിക്കുമെന്നും വൈവിധ്യമാര്‍ന്ന ചില രോഗങ്ങള്‍ മനുഷ്യരാശിയ്ക്ക് മേലുണ്ടാകുമെന്നും മറ്റും നോസ്ട്രഡാമസ് പറയുന്നുണ്ട്. എന്നാല്‍ ഇത് കൊറോണയാണെന്ന് പറയുന്നില്ല. കൊറോണ ഉത്ഭവിച്ച വുഹാനെ പറ്റിയാകാം ഈ പ്രവചനത്തിലൂടെ ഉദ്ദേശിച്ചതെന്നാണ് പറയുന്നത്. കൊറോണയ്ക്ക് മുമ്പ് സ്പാനിഷ് ഫ്‌ലൂ ഉള്‍പ്പെടെയുള്ള മഹാമാരികള്‍ ലോകത്തുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ വരികള്‍ കൊറോണയെ തന്നെ ഉദ്ദേശിച്ചാണെന്ന് പറയാനാകില്ല. മഹാമാരി ക്ഷാമത്തിനിടയാക്കുമെന്നും ആളുകള്‍ രക്ഷയ്ക്കായി ദൈവത്തെ വിളിച്ച് കരയുമെന്നും പ്രവചനത്തില്‍ പറയുന്നു.

1666ല്‍ ലണ്ടന്‍ നഗരത്തെ വിഴുങ്ങിയ തീപിടിത്തം, 1963ല്‍ ജോണ്‍ എഫ്. കെന്നഡിയുടെ വധം, 1933ല്‍ ഹിറ്റ്‌ലറുടെ ഉദയം, ഫ്രഞ്ച് വിപ്ലവം, നെപ്പോളിയന്‍ ബോണപ്പാര്‍ട്ട്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആറ്റോമിക് ബോംബ് ആക്രമണം, വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം, അപ്പോളോ ദൗത്യം, ചലഞ്ചര്‍ സ്‌പെയ്‌സ് ഷട്ടില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം എന്നിവ നോസ്ട്രഡാമസ് പ്രവചിച്ചിരുന്നതായി പലരും വിശ്വസിക്കുന്നു. നോസ്ട്രഡാമസ് സ്വന്തം മരണം പ്രവചിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. 1566 ജൂലായ് 2ന് 62ാം വയസിലാണ് നോസ്ട്രഡാമസ് മരിച്ചത്. അടുത്ത സൂര്യോദയം താന്‍ കാണില്ലെന്ന് മരിക്കുന്നതിന് തലേ ദിവസം അദ്ദേഹം പറഞ്ഞിരുന്നതായും പറയുന്നു.

pathram:
Leave a Comment