യതീഷ് ചന്ദ്ര ശിക്ഷിച്ചത് കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകനെ…

കണ്ണൂര്‍ അഴീക്കലില്‍ യതീഷ് ചന്ദ്ര ഏത്തമിടീച്ചത് പൊതു പ്രവര്‍ത്തകനെയാണ്. കമ്മ്യൂണിറ്റി കിച്ചണില്‍ തയാറാക്കേണ്ട ഭക്ഷണത്തിന്റെ കണക്ക് നല്‍കാന്‍ പോയ കെ സുജിത്തിന് ഏത്തം ഇട്ടതിനുശേഷം അടിയും കൊള്ളേണ്ടി വന്നു. പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് സുജിത്ത്. അവിടെ പാചകം ചെയ്യുന്ന സ്ത്രീയോട് ഉണ്ടാക്കേണ്ട ഭക്ഷണത്തിന്റെ കണക്ക് നല്‍കാന്‍ പോയതായിരുന്നു.

സൈക്കിളിലെ യാത്രക്കിടയില്‍ ഒരു സോഡ കുടിക്കാന്‍ കടയ്ക്ക് മുന്നില്‍ നിന്നു. പുറകെ എസ് പി എത്തി. പുറത്തിറങ്ങിയതിന്റെ കാരണം പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു, പക്ഷെ അതൊന്നും കേള്‍ക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് സുജിത്ത് പറഞ്ഞു.

കുട്ടികള്‍ക്ക് കഴിക്കാന്‍ എന്തെങ്കിലും വാങ്ങിക്കാന്‍ കടയിലേക്ക് പോയതാണ് അഴീക്കല്‍ സ്വദേശി ഹരി. ശാരീരിക അസ്വാസ്ഥ്യം ഉള്ളതിനാല്‍ സാധനങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു കടയ്ക്കു മുന്നില്‍ ഇരുന്നു. ‘ പോലീസ് അങ്ങോട്ട് പറയുന്നത് ഒന്നും കേള്‍ക്കാന്‍ തയ്യാറല്ല. തീര്‍ത്തും അവശനായതിനാല്‍ അധികം ഏത്തം ഇടീപ്പിച്ചില്ല , കടക്കാരനായ ദീപേഷിനും കിട്ടി ഉത്തരേന്ത്യന്‍ മാതൃകയിലുള്ള ശിക്ഷ. ഏതായാലും സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വിവാദമായി. കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടു. കഴിഞ്ഞ ദിവസം തന്നെ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം ഇവരില്‍ നിന്നും വിവരങ്ങള്‍ ആരാഞ്ഞു റിപ്പോര്‍ട്ട് നല്‍കി.

നിരപരാധികളായ ജനങ്ങള്‍ ആണ് ശിക്ഷയ്ക്ക് ഇരയായത് എന്ന വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാവണം മുഖ്യമന്ത്രി യതീഷ് ചന്ദ്രക്കെതിരെ ആഞ്ഞടിച്ചത്. മുഖ്യമന്ത്രി ഒപ്പം നിന്നതിന്റെ സന്തോഷത്തിലും ആശ്വാസത്തിലാണ് അഴീക്കോടിലെ ജനങ്ങള്‍.

pathram:
Related Post
Leave a Comment