ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയില്‍ തടിച്ചു കൂടിയ ഇതര സംസ്ഥാന തൊഴിലാളികളെ പിരിച്ചുവിടുന്നു. ആരോഗ്യവകുപ്പും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായത്. കൂടുതല്‍ പൊലീസ് സേന സ്ഥലത്തെത്തി ഒത്തുകൂടിയവരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഭക്ഷണവും വെള്ളവും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. നാട്ടിലേക്കു തിരികെ പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ കളക്ടര്‍ ഉടന്‍ സ്ഥലത്തെത്തുമെന്നാണ് വിവരം. തോഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകണമെന്നതാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തിനു മാത്രമായി യാത്രാസൗകര്യം ഒരുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് തിരികെപോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. തൊഴിലാളികള്‍ക്ക് വേണ്ട ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
ഡല്‍ഹിയില്‍നിന്നും തൊഴിലാളികള്‍ അവരവരുടെ ദേശങ്ങളിലേക്ക് മടങ്ങിയ കാഴ്ചയ്ക്ക് സമാനമായ സംഭവമാണ് കേരളത്തിലും നടക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ മൂന്നാഴ്ചത്തേക്കു റദ്ദാക്കിയതിനെ തുടര്‍ന്നു നാട്ടിലേക്കു മടങ്ങുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ ഹൃദയഭേദകമായ കാഴ്ചയാണു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്നത്. ഡല്‍ഹിയില്‍ താമസിക്കാന്‍ സാധിക്കുന്നില്ലെന്നും വീട്ടിലെത്തിയാല്‍ ഇതെങ്കിലും സാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിന് ആളുകള്‍ നഗരത്തില്‍ കുടുങ്ങുകയും പലരും ആഗ്ര, ഝാന്‍സി, കാന്‍പുര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കു കാല്‍നടയായി യാത്ര തിരിക്കുകയും ചെയ്തിരുന്നു. വാര്‍ത്തകള്‍ പുറത്തെത്തിയതോടെ ഇവര്‍ക്കായി യുപി–ഡല്‍ഹി സര്‍ക്കാരുകള്‍ 1000 ബസുകള്‍ ക്രമീകരിച്ചു. സാമൂഹ്യഅകലം പാലിക്കണമെന്നു നിര്‍ദേശം നിലനില്‍ക്കുമ്പോഴും തിങ്ങിനിറഞ്ഞ ബസ്സുകളില്‍ എങ്ങനെയും വീടുപറ്റാനാണ് ഇവര്‍ ശ്രമിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി യുപിയില്‍ മടങ്ങിയെത്തിയ ഒന്നര ലക്ഷത്തോളം തൊഴിലാളികളെ നിരീക്ഷണത്തില്‍ വയ്ക്കണമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അവരെ സംസ്ഥാനം ക്രമീകരിച്ച ക്യാംപുകളില്‍ ക്വാറന്റീനില്‍ വയ്ക്കണമെന്നും ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തൊഴിലാളികളുടെ പേരും മറ്റു വിവരങ്ങളും അധികൃതര്‍ക്കു കൈമാറുകയും അവരെ നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ കഴിഞ്ഞ ദിവസം യുപിയിലെ ദിയോറിയ ജില്ലയില്‍ എത്തിയ തൊഴിലാളികളെ തെര്‍മല്‍ സ്‌കാനിങ്ങിന് വിധേയമാക്കിയ ശേഷം രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളിലേക്ക് അയച്ചു. രാത്രി വൈകിയും നടത്തിയ സ്‌കാനിങ്ങില്‍ ആര്‍ക്കും രോഗം കണ്ടെത്താനായില്ലെന്നാണു വിവരം.
Leave a Comment