മരിച്ചവരുടെ എണ്ണം 27000 കടന്നു ; ഏറ്റവും കൂടുതല്‍രോഗികള്‍ യുഎസില്‍

കൊറോണ ബാധിച്ച് ലോകത്ത് ആകമാനം മരിച്ചവരുടെ എണ്ണം 27000 കടന്നു. യുഎസില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. മരണം 1,696 ആയി. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വന്‍ ക്ഷാമമാണ്. പാര്‍ലമെന്റ് പാസാക്കിയ രണ്ടര ലക്ഷം കോടി ഡോളറിന്റെ സാമ്പത്തിക സഹായ പാക്കേജില്‍ പ്രസിഡന്റ് ഒപ്പുവച്ചു. ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരുടെ പിടിപ്പുകേടാണ് രോഗവ്യാപനത്തിനു കാരണമെന്ന് പ്രസിഡന്റ് കുറ്റപ്പെടുത്തി.

കൊറോണ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് യുഎസ്. രോഗികളുടെ എണ്ണത്തിനനുസരിച്ച് ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാനാവാത്തതു സര്‍ക്കാരിനെ കുഴയ്ക്കുന്നു. വെന്റിലേറ്ററുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, മാസ്‌കുകള്‍ എന്നിവയുടെ ദൗര്‍ലഭ്യം എല്ലാ നഗരങ്ങളിലുമുണ്ട്. ചെറുതും വലുതുമായ 200 അമേരിക്കന്‍ നഗരങ്ങള്‍ സക്കാരിന്റെ സഹായം തേടി.

അധിക വെന്റിലേറ്ററുകളുടെ ആവശ്യമില്ലെന്നു പറഞ്ഞിരുന്ന ഡോണള്‍ഡ് ട്രംപ് നിലപാട് മാറ്റി. വെന്റിലേറ്റര്‍ ഉല്‍പാദനം കൂട്ടാന്‍ പ്രസിഡന്റ് കമ്പനികളോട് ആവശ്യപ്പെട്ടു. തൊഴില്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ നേരിട്ട് പണം നല്‍കും. പ്രയാസത്തിലായ സംരഭകരെയും സര്‍ക്കാര്‍ സഹായിക്കും. താന്‍ കെട്ടിപ്പൊക്കിയ സമ്പദ് വ്യവസ്ഥയെ തകര്‍ത്തതിന് ഡെമോക്രാറ്റ് ഗവര്‍ണര്‍മാരെ അദ്ദേഹം കുറ്റപ്പെടുത്തി. പ്രാദേശിക ഭരണകൂടങ്ങളുടെ പിടിപ്പുകേടാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്നാണ് ട്രംപിന്റെ നിലപാട്.

ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കടുത്ത സമ്മര്‍ദത്തിലാണ്. ന്യൂ ജഴ്‌സിയില്‍ രോഗികള്‍ ഏഴായിരമായി. കലിഫോര്‍ണിയ (4,040), വാഷിങ്ടന്‍ (3207). കോവിഡ് മൂലം തൊഴില്‍മേഖലകള്‍ നിശ്ചലമായതിനാല്‍ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായം അമേരിക്കക്കാര്‍ക്കു മൂന്നാഴ്ചയ്ക്കകം ലഭിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് മന്‍ചിന്‍ അറിയിച്ചു.

ന്യൂയോര്‍ക്കില്‍ ജോലിയിലായിരുന്ന 2 ബസ് െ്രെഡവര്‍മാരും ഒരു പൊലീസുകാരനും രോഗം ബാധിച്ചു മരിച്ചു. എന്നാല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കില്ല. വൈറസ് വ്യാപനം തടയാന്‍ കാനഡ– യുഎസ് അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിക്കാനുള്ള യുഎസ് നീക്കം കാനഡ വിമര്‍ശിച്ചു. അമേരിക്കയിലുള്ള തങ്ങളുടെ പൗരന്മാര്‍ അടിയന്തരാവശ്യം ഇല്ലെങ്കില്‍ രാജ്യത്തേക്കു വരരുതെന്നു മെക്‌സിക്കോ പ്രസിഡന്റ് ആവശ്യപ്പെട്ടു.

അതിനിടെ, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഈസ്റ്റര്‍ (ഏപ്രില്‍ 12) വരെ നീണ്ടേക്കുമെന്നാണു പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നല്‍കുന്ന സൂചന. എന്നാല്‍, ചൈനയുടെ അനുഭവം വച്ചാണെങ്കില്‍ 6–8 ആഴ്ചകളെങ്കിലും ലോക്ഡൗണ്‍ വിജയകരമായി നടപ്പാക്കാനായാല്‍ വൈറസ് വ്യാപനം തടയാനായേക്കും. ലോക്ഡൗണ്‍ ആരംഭിച്ച് ആദ്യ രണ്ടാഴ്ചകളില്‍ രോഗികള്‍ വര്‍ധിക്കുകയും പിന്നീടുള്ള ആഴ്ചകളില്‍ അവ കുറഞ്ഞുവരികയും ചെയ്യുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഇറ്റലിയില്‍ 9,134 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 86,498 ആണ് രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം. സ്‌പെയിനില്‍ മരണം 5,138 ആയി. ഇറാനില്‍ 2,378 പേരും ഫ്രാന്‍സില്‍ 1,995 പേരും മരിച്ചു.

pathram:
Related Post
Leave a Comment