കാസര്‍കോട്: ജില്ലയില്‍ ഇന്നലെ കൊറോണ സ്ഥിരീകരിച്ചത് ആദ്യരോഗികളുടെ ബന്ധുക്കള്‍ക്ക്. 11 പേര്‍ക്ക് രോഗം പകര്‍ന്നു. 11ഉം 16ഉം വയസ്സുള്ള കുട്ടികള്‍ക്കും കൊറോണ പകര്‍ന്നു. ഒന്‍പത് പേര്‍ സ്ത്രീകളാണ്. രോഗികള്‍ ഉദുമ, ചെങ്കള, ബോവിക്കാനം, മഞ്ചേശ്വരം, പടന്ന, നെല്ലിക്കുന്ന്, തളങ്കര മേഖലയിലുള്ളവരാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 39 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിരുന്നു. കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍, 34 പേര്‍. കണ്ണൂര്‍ 2, തൃശൂര്‍, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ ഓരോന്നുവീതവും രോഗം സ്ഥിരീകരിച്ചു. കൊല്ലത്ത് ആദ്യമായാണു രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ ദുബായില്‍ നിന്ന് എത്തിയവരാണ്. വിദേശത്തു നിന്ന് എത്തിയവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 13 പേര്‍ക്കും രോഗം ബാധിച്ചു. ഇടുക്കി ജില്ലയിലെ പൊതുപ്രവര്‍ത്തകനു വൈറസ് ബാധ ഉണ്ടായത് എവിടെ നിന്നാണെന്നു കണ്ടെത്താനായിട്ടില്ല. വിദേശത്തു നിന്നു വന്നയാളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് അദ്ദേഹം പറയുന്നത്. കേരളത്തില്‍ ഇതിനകം 176 പേര്‍ക്കു രോഗം കണ്ടെത്തി. ഇതില്‍ 164 പേരാണു ആശുപത്രിയില്‍ കഴിയുന്നത്. മറ്റുള്ളവര്‍ രോഗം മാറി ആശുപത്രി വിട്ടു.
Leave a Comment