പാലിയം’ സാന്ത്വന പരിചരണ കേന്ദ്രത്തിന് സഹായവുമായി മിലാപ്; ക്രൗഡ് ഫണ്ടിംഗിലൂടെ സമാഹരിച്ചത് 6.5 ലക്ഷം രൂപ

തിരുവനന്തപുരം: സൗജന്യ പാലിയേറ്റീവ് കെയര്‍ സേവനം നല്‍കുന്ന ‘പാലിയം’ സാന്ത്വന പരിചരണ കേന്ദ്രത്തിന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് സമാഹരിച്ചത് 6.5 ലക്ഷം രൂപ. മലയാളിയായ ഡോക്ടര്‍ രാജഗോപാല്‍ തുടക്കം കുറിച്ച സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ഓണ്‍ലൈന്‍ മുഖേനെ സഹായ ഹസ്തവുമായി എത്തിയത് നിരവധിപ്പേരാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫണ്ടിംഗ് പ്ലാറ്റ് ഫോമായ മിലാപിന്റെ ധനസമാഹരണം പാലിയത്തിന്റെ രോഗികള്‍ക്ക് ഏറെ സഹായകരമാകും .

ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി കിടപ്പുരോഗികള്‍ക്ക് ആശ്വാസമായി മാറിയ പരിചരണ കേന്ദ്രമാണ് പാലിയം. അര്‍ബുദ രോഗികള്‍ ഉള്‍പ്പെടെ മാരകമായ രോഗം പിടിപെട്ട 3014 രോഗികളെ പാലിയം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തി പരിചരിക്കുന്നുണ്ട്. പരിശീലനം ലഭിച്ച മികച്ച ഡോക്ടര്‍മാരുടെ സേവനം പാലിയം സെന്റര്‍ രോഗികള്‍ക്ക് ഉറപ്പ് നല്‍കുന്നു. സൗജന്യ ചികിത്സയ്ക്ക് പുറമെ സൗജന്യ മരുന്നും മലയാളിയായ ഡോക്ടര്‍ രാജഗോപാലിന്റെ പാലിയം കേന്ദ്രം നല്‍കുന്നുണ്ട്. ഭക്ഷ്യക്ഷാമം അനുഭവിക്കുന്ന കുടുംബത്തിന് ഭക്ഷണവും എത്തിക്കാന്‍ പാലിയം കേന്ദ്രം പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നു.

കൂടാതെ, രോഗദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും പാലിയം പിരചരണ കേന്ദ്രമാണ് വഹിക്കുന്നത്. ഇത്തരത്തില്‍ നിരവധി സേവനങ്ങളാണ് പാലിയം സാന്ത്വന പരിചരണ കേന്ദ്രം ഉറപ്പുവരുത്തുന്നത്. ഇന്ത്യന്‍ പാലിയേറ്റീവ് കെയറിന്റെ പിതാവ് എന്നറിയപ്പെടുന്ന രാജഗോപാല്‍ സാന്ത്വന പരിചരണം സമന്വയിപ്പിക്കുന്നതിന് ആരോഗ്യകേന്ദ്രങ്ങളില്‍ ഉടനീളം പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. രാജ്യത്തെ സാധാരണക്കാര്‍ക്ക് സാന്ത്വന പരിചരണം നല്‍കണമെന്ന ലക്ഷ്യത്തോടെ 1993 ല്‍ അദ്ദേഹം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ആരംഭിച്ചു. തുടര്‍ന്ന് അര്‍ഹരായ അനവധിപ്പേര്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കാന്‍ രോഗികളുടെ ഭവന സന്ദര്‍ശ പരിപാടിക്കും തുടക്കം കുറിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ രോഗിബാധിതരായ നിരവധിപ്പേര്‍ക്ക് തുണയായി മാറിയ പാലിയം കേന്ദ്രത്തിന് ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോമിലൂടെ ലഭിച്ച സഹായം പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന് സഹായിക്കുമെന്ന് അവര്‍ വ്യക്തമാക്കി

pathram desk 2:
Related Post
Leave a Comment