കൊറോണ വൈറസ് വ്യാപനം ഇന്ത്യയില്‍ എത്ര വേഗത്തിലാണ് നടക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്: കണക്കുകള്‍ ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം രാജ്യത്ത് എത്ര വേഗത്തിലാണ് നടക്കുന്നതെന്ന് പഠന റിപ്പോര്‍ട്ട്. ഏറ്റവും ശുഭപ്രതീക്ഷ പുലര്‍ത്താവുന്ന സാഹചര്യത്തില്‍ മാത്രമേ രാജ്യത്ത് രോഗവ്യാപനം ഫലപ്രദമായി തടയാന്‍ കഴിയുകയുള്ളുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) റിപ്പോര്‍ട്ട്.

ഇത്തരം സാഹചര്യത്തില്‍ പോലും ഡല്‍ഹിയില്‍ 15 ലക്ഷം പേരില്‍ രോഗലക്ഷണങ്ങളോടെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാം. രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു എന്നിവിടങ്ങളില്‍ അഞ്ച് ലക്ഷം വീതം കേസുകള്‍ വരെയുണ്ടാകാം. ഫെബ്രുവരി മുതല്‍ 200 ദിവസത്തേക്ക് ഇത് ഉയരാമെന്നും ഫെബ്രുവരി 27ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പ്രതികൂല സാഹചര്യമാണെങ്കില്‍ ഡല്‍ഹിയില്‍ ഇത് ചുരുങ്ങിയ കാലത്തില്‍ 10 ദശലക്ഷം വരെ ഉയരാം. മുംബൈയില്‍ നാല് ദശലക്ഷം വരെ. ഫെബ്രുവരി മുതല്‍ 50 ദിവസത്തെ കാലയളവില്‍ ഇത് ഉയരാമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രവചിക്കാവുന്നതും ശുഭപ്രതീക്ഷ നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ രോഗ വ്യാപനം വളരെ പതുക്കെയായിരിക്കും. ഡല്‍ഹിയില്‍ 700 ദിവസത്തിനിടെ രണ്ട് ലക്ഷം കേസുകളായിരിക്കും ഇങ്ങനെ ഉണ്ടാകുക. ഇതു സംഭവിക്കണമെങ്കില്‍ ലക്ഷണങ്ങള്‍ കാണിച്ചതില്‍ പകുതി പേരെയെങ്കിലും മൂന്നു ദിവസത്തിനകം ക്വാറന്റീനു വിധേയമാക്കേണ്ടിവരും. എന്നാല്‍ ഒരു മാസം മുന്‍പു പൂര്‍ണമായും കണക്കുകള്‍ മാത്രം അടിസ്ഥാനമാക്കി തയാറാക്കിയ വിവരമാണിതെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു വിമാനത്താവളങ്ങളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് പഠന റിപ്പോര്‍ട്ട് തയാറാക്കിയിരുന്നത്. തുടക്കകാലത്തു വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാര്‍ വഴിയാണു രോഗം പടരുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. വിമാനത്താവളങ്ങളിലെത്തിയ 15 ലക്ഷം പേരെയാണു പരിശോധിച്ചതെന്നാണു സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വിമാനത്താവളങ്ങളിലെ തെര്‍മല്‍ സ്‌ക്രീനിങ് വഴി 46 ശതമാനം രോഗബാധിതരായ യാത്രക്കാരെയും കണ്ടെത്താന്‍ സാധിച്ചില്ലെന്നാണു റിപ്പോര്‍ട്ടിലുള്ളത്. കൂടാതെ ലക്ഷണങ്ങളോ കൃത്യമായ വിവരമോ ലഭിക്കാത്തതിനാല്‍ രോഗബാധയുള്ളതില്‍ പകുതി യാത്രക്കാരും പരിശോധനയ്ക്കു വിധേയമായില്ലെന്നു മറ്റൊരു പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മാര്‍ച്ച് മുതലാണു വിമാനത്താവളങ്ങളിലെ തെര്‍മല്‍ സ്‌ക്രീനിങ് നടപടി ആരംഭിച്ചത്. എന്നാല്‍ രോഗ ഭീഷണി ഫെബ്രുവരി മാസം മുതലേ ഉണ്ടായിരുന്നു. വിമാനത്താവളങ്ങളില്‍ ലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍നിന്നു രോഗവിവരങ്ങള്‍ ലഭിക്കുന്നതിനുള്ള പരിശോധന സംവിധാനങ്ങള്‍ അപ്പോഴില്ലായിരുന്നുവെന്നും പഠനം വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം നോക്കിയാല്‍ ഇവര്‍ക്കാകെ ലബോറട്ടറികളില്‍ പരിശോധന നടത്തുകയെന്നതും അസാധ്യമായിരുന്നു. പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുന്നത്. കൊറോണ വ്യാപനത്തിന്റെ മൂന്നാം ഘട്ടമായ സമൂഹ വ്യാപനം ആരംഭിച്ചിട്ടില്ലെന്നാണു സര്‍ക്കാര്‍ പറയുന്നത്.

എന്നാല്‍ സമൂഹ വ്യാപനം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്നു തിങ്കളാഴ്ച ഐസിഎംആര്‍ മുന്നറിയിപ്പു നല്‍കുന്നു. 20 ദിവസത്തിനുള്ളിലോ, ചുരുങ്ങിയ മാസങ്ങള്‍ക്കകമോ ഇത് ആരംഭിക്കും. കൊച്ചിയുള്‍പ്പെടെയുള്ള വന്‍ നഗരങ്ങളില്‍ ഒരു പരിധി കഴിഞ്ഞാല്‍ രോഗ വ്യാപനം തടയല്‍ അത്രയേറെ ബുദ്ധിമുട്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാല്‍ ജനങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാം…, എന്തൊക്കെ ചെയ്യരുത്…!

pathram:
Leave a Comment