മമ്മൂട്ടിയെ കുറിച്ച് . യുവാവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍. കൊറോണ വൈറസിന് എതിരെ ലോകം ഒന്നാകെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണ്. രജനികാന്തും അമിതാഭ് ബച്ചനും ഒക്കെ പങ്കുവെച്ച കുറിപ്പുകള്‍ വലിയ വിവാദമുണ്ടായിക്കിയിരുന്നു. മോഹന്‍ലാലിന്റെ പ്രതികരണവും വലിയ ട്രോള്‍ ആക്രമണത്തിന് ഇരയായി. അതേസമയം മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് ഏവരും ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടി പങ്കുവെച്ച വേറിട്ട ആശയം മലയാളികള്‍ ഏറ്റെടുത്തു. ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടു പേരുണ്ടെന്നും അവരെ കൂടി കരുതണമെന്നും ആയിരുന്നു മമ്മൂട്ടിയുടെ അപേക്ഷ. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് സന്ദീപ് ദാസ് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
സന്ദീപ് ദാസിന്റെ കുറിപ്പ് ഇങ്ങനെ;
ഞാന്‍ വെറുക്കാന്‍ ശ്രമിച്ചിട്ടുള്ള മനുഷ്യനാണ് മമ്മൂട്ടി. ചെറുപ്പം മുതല്‍ക്ക് മോഹന്‍ലാലിനോടായിരുന്നു ആരാധന. ലാലിന്റെ പക്ഷം ചേര്‍ന്ന് മമ്മൂട്ടിയെ പരിഹസിക്കുക എന്നതായിരുന്നു സ്‌കൂള്‍ കാലഘട്ടത്തിലെ എന്റെ പ്രധാന വിനോദം. പക്ഷേ ഇപ്പോള്‍ മമ്മൂട്ടിയോട് ആദരവും സ്‌നേഹവും മാത്രമേയുള്ളൂ.
കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതി ! വിരോധികളെ വരെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരനാണ് അദ്ദേഹം !
കൊറോണയുടെ പശ്ചാത്തലത്തില്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്
”ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്.അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്.ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള,അല്ലെങ്കില്‍ പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം.ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം…”
ഈ വരികള്‍ വായിച്ചപ്പോള്‍ മനസ്സുനിറഞ്ഞു.തികഞ്ഞ മനുഷ്യസ്‌നേഹിയായ ഒരാള്‍ക്കുമാത്രമേ ഇങ്ങനെയൊക്കെ എഴുതാന്‍ സാധിക്കുകയുള്ളൂ.
”അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുക” എന്നതാണ് കൊറോണക്കാലത്തെ മുദ്രാവാക്യം.പ്രിവിലേജ്ഡ് ആയ മനുഷ്യര്‍ക്കുമാത്രം സാധിക്കുന്ന കാര്യമാണത്.ഒരു ദിവസം ജോലി ചെയ്തില്ലെങ്കില്‍ പട്ടിണിയിലാവുന്ന സാധുമനുഷ്യര്‍ ഒരുപാടുള്ള രാജ്യമാണിത്.അവരെ പലരും മറന്നുപോയിരുന്നു എന്നതാണ് സത്യം.പക്ഷേ മമ്മൂട്ടിയ്ക്ക് മറവി ബാധിച്ചിട്ടില്ല !
സിനിമ ഗ്ലാമറിന്റെ ലോകമാണ്.ഒരു സൂപ്പര്‍താരത്തിന്റെ നിഘണ്ഡുവില്‍ ദാരിദ്ര്യം,പട്ടിണി,വിശപ്പ് മുതലായ പദങ്ങളൊന്നും ഉണ്ടാവുകയില്ല.എല്ലാവിധ സുഖസൗകര്യങ്ങളോടെയും ജീവിക്കുന്ന മമ്മൂട്ടിയ്ക്ക് പാവപ്പെട്ടവന്റെ നൊമ്പരങ്ങള്‍ മനസ്സിലാകുന്നു എന്നത് ചെറിയ കാര്യമല്ല.പലര്‍ക്കും അതിന് സാധിക്കാറില്ല.
കോവിഡ്19 സര്‍വ്വവും നശിപ്പിച്ച് മുന്നേറുന്ന സമയത്ത് രജനീകാന്തും അമിതാബ് ബച്ചനുമെല്ലാം പ്രദാനം ചെയ്തത് നിരാശമാത്രമാണ്.ജനതാ കര്‍ഫ്യൂവിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച രജനീകാന്തിന്റെ വീഡിയോ ട്വിറ്റര്‍ നീക്കം ചെയ്യുകയുണ്ടായി.ട്വീറ്റിലൂടെ അശാസ്ത്രീയത വിളമ്പിയ ബച്ചന് അവസാനം അത് ഡിലീറ്റ് ചെയ്യേണ്ടിവന്നു.
ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ ഭാരതീയര്‍ എങ്ങനെയാണ് പ്രതികരിച്ചത്? അവര്‍ കൂട്ടത്തോടെ തെരുവിലിറങ്ങി പാത്രംകൊട്ടി ആര്‍ത്തുവിളിച്ചു ! അതോടെ കൊറോണ എന്ന ഭീഷണി പതിന്മടങ്ങായി വര്‍ദ്ധിച്ചു !ഇതുപോലൊരു രാജ്യത്ത് ജീവിക്കുന്ന സെലിബ്രിറ്റികള്‍ കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം.ബച്ചനും രജനിയ്ക്കും അത് ഇല്ലാതെപോയി.
ബോളിവുഡ് ഗായികയായ കനിക കപൂര്‍ ഒരുപടി കൂടി മുന്നോട്ടുപോയി.അവര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചതാണ്.കരുതല്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചതുമാണ്.പക്ഷേ കനിക ധാരാളം സോഷ്യല്‍ ഇവന്റുകളില്‍ പങ്കെടുത്തു!
സെലിബ്രിറ്റികള്‍ക്ക് സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്.അവര്‍ തെറ്റു ചെയ്യുമ്പോള്‍ ഒരുപാട് പേര്‍ക്ക് തെറ്റുചെയ്യാനുള്ള പ്രേരണ ലഭിക്കുകയാണ്.
ഇവിടെയാണ് മമ്മൂട്ടിയുടെ പ്രസക്തി.അദ്ദേഹം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് നാടിനെ ദ്രോഹിക്കുന്നില്ല.ആധികാരികമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പരമാവധി പങ്കുവെയ്ക്കുന്നുണ്ട്.ഷൂട്ടിംഗ് നിര്‍ത്തിവെച്ച് വീട്ടിലിരിക്കുകയാണ് മമ്മൂട്ടി.വീട്ടിലിരിക്കാന്‍ സാധിക്കാത്തവരെ സഹായിക്കാനുള്ള മനസ്സുമുണ്ട്.
കരുതല്‍നിരീക്ഷണം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുമെന്ന് അഭിപ്രായപ്പെട്ട അഭിനേതാക്കളുണ്ട്.എന്നാല്‍ സ്വയം രക്ഷിക്കുന്നതും മറ്റുള്ളവരെ രക്ഷപ്പെടുത്തുന്നതും വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ പ്രധാനമാണെന്ന് മമ്മൂട്ടി പറയുന്നു.
ഒരുപാട് ആദിവാസി ഊരുകളില്‍ കരുണയുടെ മഴ പെയ്യിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി.നിര്‍ധനരായ നിരവധി രോഗികള്‍ക്ക് പുതിയ ജീവിതം നല്‍കിയ ആളാണ് മമ്മൂട്ടി.സഹപ്രവര്‍ത്തകരെ ഇത്രയേറെ ചേര്‍ത്തുനിര്‍ത്തുന്ന നടന്‍മാര്‍ വിരളമായിരിക്കും.
അതുകൊണ്ടുതന്നെ ഒരു കാര്യം തറപ്പിച്ചുപറയാം.ദിവസവേതനം കൊണ്ട് ജീവിക്കുന്ന പാവം മനുഷ്യരെക്കുറിച്ച് മമ്മൂട്ടി എഴുതിയിട്ടുണ്ടെങ്കില്‍,അവര്‍ക്കുവേണ്ട സഹായങ്ങളും അദ്ദേഹം ചെയ്തുകഴിഞ്ഞിട്ടുണ്ടാവും.ഒഴിഞ്ഞ പാത്രങ്ങളില്‍ അന്നമെത്തിയിട്ടുണ്ടാവും.കുറച്ചുകുടുംബങ്ങളെങ്കിലും ഇപ്പോള്‍ സമാധാനത്തോടെ ഉറങ്ങുന്നുണ്ടാവും.
മഹാനടന്റെ മഹാസ്‌നേഹത്തിന്റെ കഥകള്‍ ഈ ലോകം അറിയണമെങ്കില്‍,സഹായം ലഭിച്ച മനുഷ്യര്‍ തന്നെ വെളിപ്പെടുത്തേണ്ടിവരും.അല്ലാത്തപക്ഷം ആരാലുമറിയാതെ അവ മണ്‍മറഞ്ഞുപോകും.മമ്മൂട്ടിയ്ക്ക് അതില്‍ പരാതിയുണ്ടാവില്ല.മമ്മൂട്ടിയ്ക്ക് തുല്യം മമ്മൂട്ടി മാത്രം!
Leave a Comment