കൊറോണ ലോകത്ത് ഏറ്റവും കൂടുതല്‍ വിനാശം വിതച്ചത് ഇറ്റലിയാണ്. ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ കോവിഡ് ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത് സ്‌പെയിനിലും. ഇവിടെ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരെയും ഞെട്ടിക്കുന്നതാണ്. പ്രതിരോധ നടപടികളുടെ ഭാഗമായി സൈനികര്‍ വീടുകള്‍ അണുവിമുക്തമാക്കാന്‍ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടത്. സ്‌പെയിനില്‍ വൃദ്ധരെ വീടുകള്‍ക്കുള്ളില്‍ കുടുംബാംഗങ്ങള്‍ ഉപേക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്. അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കിടക്കുന്നത് കണ്ടെത്തിയിരിക്കുന്നു. ഇതോടെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
കുടുംബാംഗങ്ങളോടൊത്ത് കഴിഞ്ഞ വൃദ്ധരുടെ മൃതദേഹങ്ങള്‍ അഴുകിയ നിലയില്‍ കിടക്കയില്‍ കിടക്കുന്ന നിലയിലും കണ്ടെത്തുന്നുണ്ട്. മരണമടയാത്ത വൃദ്ധരെ ഉപേക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്്. കോവിഡ് വാര്‍ദ്ധക്യം ഉള്ളവരില്‍ ശക്തമായ പ്രതിഫലനം സൃഷ്ടിക്കും എന്നിരിക്കെ ഇത്തരം മനുഷ്യത്വ രഹിത നടപടികള്‍ ചെയ്താല്‍ ശിക്ഷ നല്‍കുമെന്ന് സ്പാനിഷ് മന്ത്രി പറയുന്നു. വൃദ്ധസദനങ്ങളില്‍ ആള്‍ക്കാര്‍ കൂട്ടമായി മരിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാഡ്രിഡിലെ 20 ശതമാനം വൃദ്ധസദനങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മാഡ്രിഡിലെ രാഷ്ട്രീയക്കാര്‍ തന്നെ പറയുന്നു.
മാഡ്രിഡിലെ ഒരു കെയര്‍ഹോമില്‍ 17 പേര്‍ മരിച്ച സംഭവം അന്വേഷിക്കുമെന്ന് സ്‌റ്റേറ്റ് പ്രോസിക്യൂട്ടര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ സമാന സംഭവം അല്‍കോയിയിലെ ഒരു കെയര്‍ ഹോമിലും ഉണ്ടായി. ഇവിടെ 21 പേരാണ് ഒരു ദിവസം മരണമടഞ്ഞത്. ഇവിടെ മൃതദേഹങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. രാജ്യത്ത് 35,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇന്നലെ മാത്രം സ്‌പെയിനില്‍ മരണമടഞ്ഞത് 539 പേരാണ്. ഇതുവരെ 2311 പേര്‍ മരിച്ച സ്‌പെയിനില്‍ മൃതദേഹങ്ങള്‍ കുന്നുകൂടാന്‍ തുടങ്ങിയതോടെ മാഡ്രിഡിന് വടക്കു കിഴക്കന്‍ പ്രദേശമായ പാലാസ്യോ ഡി ഹെലോയില്‍ ഒരു താല്‍ക്കാലിക മോര്‍ച്ചറി സ്ഥാപിക്കേണ്ടി വന്നിരിക്കുകയാണ് അധികൃതര്‍ക്ക്.
വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന മാഡ്രിഡില്‍ സാധനങ്ങളുടെ അപര്യാപ്തത മൂലം വീടുകളില്‍ നിന്നും മൃതദേഹങ്ങള്‍ സ്വീകരിക്കുന്നത് മുനിസിപ്പല്‍ ഫ്യൂണറല്‍ ഹോം ചൊവ്വാഴ്ച മുതല്‍ നിര്‍ത്തി. അതേസമയം സ്വകാര്യ ഫ്യൂണറല്‍ ഹോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകരെയും രോഗം വെറുതേ വിടുന്നില്ല. ഇതിനകം 4000 ആരോഗ്യ പ്രവര്‍ത്തകരാണ് നിരീക്ഷണത്തിലായത്. 600 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകരില്‍ പത്തില്‍ ഒരാള്‍ക്ക് വീതം രോഗബാധിതര്‍ ആണ്. മതിയായ സുരക്ഷാ കിറ്റുകള്‍ കിട്ടുന്നില്ലെന്നാണ് നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും വ്യക്തമാക്കുന്നത്.
ഇത്തരം കിറ്റുകള്‍ കൂടുതല്‍ വാങ്ങാനോ ഉല്‍പ്പാദിപ്പിക്കാനോ വിതരണം ചെയ്യാനോ അധികൃതരോ കമ്പനികളോ തയ്യാറാകാത്തതാണ് പ്രശ്‌നം. 6,50,000 ദ്രുത പരിശോധന കിറ്റുകള്‍ കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം ലഭ്യമാക്കിയത്.
വേഗത്തില്‍ രോഗം പടരുന്ന സാഹചര്യത്തില്‍ ക്വാറന്റൈനും ലോക്കൗട്ടും ഒക്കെയായി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെങ്കിലും തെരുവില്‍ കഴിയുന്നവര്‍ വലിയ തലവേദനയാണ്. ഇവരിലൂടെ വൈറസ് എളുപ്പത്തില്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ക്കായി താല്‍ക്കാലിക കേന്ദ്രം ഉണ്ടാക്കാന്‍ വേണ്ടി ബാഴ്‌സിലോണയില്‍ സൈനികരെ നിയോഗിച്ചു. തെരുവില്‍ കഴിയുന്ന രോഗബാധ സംശയിക്കുന്ന 1000 പേര്‍ക്ക് റെഡ്‌ക്രോസിന്റെ നേതൃത്വത്തില്‍ ഭക്ഷണവും വെള്ളവും നല്‍കി വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ ഐസൊലേഷന്‍ നല്‍കുന്നുണ്ട്.
Leave a Comment