കേരളത്തില്‍ കൊറോണ ബാധിതരുടെ എണ്ണം കുത്തനെ കൂടി; ഇന്ന് 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; കൂടുതല്‍ കാസര്‍കോട്….

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുമെന്നും പൊതു ഗതാഗതം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ അഞ്ചുപേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താല്‍ 95 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

മാര്‍ച്ച് 31 വരെയാണ് നിലവിലെ ലോക്ക് ഡൗണ്. അതിനുശേഷം എന്തു വേണം എന്ന് ആലോചിച്ച് തീരുമാനിക്കും. ലോക്ക് ഡൌണില്‍ സംസ്ഥാനം മൊത്തം അടച്ചിടും പൊതുഗതാഗതം ഉണ്ടാവില്ല. സ്വകാര്യ ബസുകളോ കെഎസ്ആര്‍ടിസിയോ ഉണ്ടാവില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളില്‍ പോകാം. ആശുപത്രികള്‍ പ്രവര്‍ത്തിക്കും. ഇന്ധന പാചക വിതരണം തുടരും.

ആരാധനാലയങ്ങളില്‍ ആളെക്കൂട്ടിയുള്ള എല്ലാ പരിപാടികളും റദ്ദാക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മറ്റെല്ലാ കടകളും അടച്ചിടും. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല. എന്നാല്‍ ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടു പോകാം. അടിയന്തര ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കണം.

ചികിത്സയിലുണ്ടായിരുന്ന കണ്ണൂരിലെ ഒരു രോഗി ഇന്ന് അസുഖം മാറി വീട്ടില്‍ പോയി. 383 പേര്‍ ആശുപത്രിയില്‍ ഇപ്പോഴും ഉണ്ട്. 122 പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റി. 4291 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 2987 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.

കാസര്‍കോട് ജില്ലയിലെ സ്ഥിതി മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. അവിടെ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. കാസര്‍കോട് ജില്ലയില്‍ ഇനിയൊരാളും അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുത്. ഇറങ്ങിയാല്‍ അറസ്റ്റ് ചെയ്യുകയും കടുത്ത പിഴത്തുക ഈടാക്കുകയും ചെയ്യും. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ നിരീക്ഷണം ആവശ്യമാണ്. എല്ലാവരും പരിശോധനക്ക് വിധേയരാകണം.

വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങി നടക്കുന്നത് തടയും. നിരീക്ഷത്തിലുള്ളവരുടെ ലൊക്കേഷന്‍ വിവരങ്ങള്‍ മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും സ്വീകരിക്കും. ഇവര്‍ ടവര്‍ ലൊക്കേഷന്‍ മറികടന്നാല്‍ പൊലീസ് ഇടപെട്ടും. നിരീക്ഷണത്തിലുള്ളവരുടെ അയല്‍വാസികളേയും ഇനി നിരീക്ഷണത്തിലുള്ള ആള്‍ക്കാരുടെ വിവരം അറിയിക്കും.

കൊവിഡ് ബാധിതരെ ചികിത്സിക്കാന്‍ പ്രത്യേകം ആശുപത്രികള്‍ ഒരുക്കും. ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യദിനം മുതല്‍ വിശ്രമമില്ലാത്ത പ്രവര്‍ത്തിക്കുകയാണ്. തുടര്‍ന്നും അവരുടെ സേവനം ഉറപ്പാക്കാനായി ജോലി ചെയ്യുന്ന ആശുപത്രികള്‍ക്ക് സമീപം തന്നെ അവര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കും. രോഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കേണ്ടത് അത്യാവശ്യമാണ് ഇക്കാര്യം ആര്‍ബിഐയെ അറിയിക്കും. ധനകാര്യ സ്ഥാപനങ്ങളും ഇക്കാര്യം പരിശോധിക്കണം.

വിദേശത്ത് നിന്നും വരുന്നവരെ ഇനി പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കും. നിരീക്ഷത്തിലുള്ളവര്‍ക്ക് വേണ്ട ഭക്ഷണം ഇനി നേരിട്ട് വീടുകളില്‍ എത്തിക്കും. ഈ സൗകര്യം ആവശ്യമുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താം.

ചില മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും പണം പിരിക്കുന്ന സാഹചര്യമുണ്ട്. ചില കളക്ഷന്‍ ഏജന്റുമാര്‍ ഇടപാടുകാരുടെ വീടുകളില്‍ പോയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള എല്ലാ കളക്ഷനും രണ്ടാഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കുന്നു. മെഡിക്കല്‍ ഷോപ്പടക്കം എല്ലാ അവശ്യവസ്തുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളും രാവിലെ എഴ് മണി മുതല്‍ അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

ഒരു കാരണവശാലും ആള്‍ക്കൂട്ടം അനുവദിക്കാന്‍ പറ്റില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം എവിടെയുണ്ടായാലും അതു തടയണം. ഇതിനായി 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വീകരിക്കാവുന്നതാണ്. രോഗപകര്‍ച്ചയ്ക്ക് സാധ്യത സംശയിക്കുന്ന ആളുകളെ താത്കാലിക ഐസൊലേഷന്‍ സെന്റെറുകളിലാണ് താമസിക്കുക. എന്നാല്‍ ഗൌരവകരമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ മെച്ചപ്പെട്ട സൌകര്യങ്ങളുള്ള ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കേണ്ടതുണ്ട്.

നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങള്‍ ഇനി അയല്‍വാസികള്‍ക്ക് കൊടുക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഒപ്പം നല്‍കും നിരീക്ഷണത്തിലുള്ളവര്‍ക്ക് പുറത്തിറങ്ങിയാല്‍ അയല്‍വാസികള്‍ അപ്പോള്‍ തന്നെ ഉദ്യോഗസ്ഥരെ അറിയിക്കണം. നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങി നടന്നാല്‍ അറസ്റ്റ് ഉറപ്പാണ്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കും. എന്നാല്‍ രോഗബാധ ഉണ്ടാവാതിരിക്കാനുള്ള നടപടികള്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയം സ്വീകരിക്കണം. ഇതേക്കുറിച്ച ചര്‍ച്ച ചെയ്യാന്‍ നാളെ മാധ്യമമേധാവികളുമായി ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അസാധാരണായ ഒരു സാഹചര്യമാണ് നാം നേരിടുന്നത്. ഒന്നായി നിന്നു മുന്നേറേണ്ട സമയമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളേയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടയാന്‍ നാട്ടിലെ മുഴുവന്‍ ജനങ്ങളുടേയും പിന്തുണ തേടുന്നു. രോഗത്തെ നേരിടാന്‍ സര്‍ക്കാര്‍ ഒപ്പമല്ല.. മുന്നില്‍ തന്നെയുണ്ടാവും എന്ന് ഓര്‍മ്മിപ്പിക്കുന്നു.

pathram:
Related Post
Leave a Comment